കോഴിക്കോട്: നിയമസഭയിലെ തന്‍റെ പരാമർശം കെ.ടി. ജലീലിനെതിരെ എന്ന രീതിയിൽ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ. മുൻ മന്ത്രി സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. പരാമർശം ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്നും ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
കെ.കെ. ശൈലജയാണ് ലോകായുക്ത നിയമഭേദഗതി ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. ശൈലജയുടെ പ്രസംഗത്തിനിടെ കെ.ടി. ജലീൽ ഒരു ചോദ്യം ഉന്നയിച്ച് എഴുന്നേറ്റു. ജലീലിന് ചോദ്യം ചോദിക്കാൻ അനുവദിച്ച് സീറ്റിൽ ഇരിക്കവെ 'ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും' എന്ന ആത്മഗതം ശൈലജ നടത്തിയത്. ഇത് മൈക്കിലൂടെ സഭാംഗങ്ങൾ കേൾക്കുകയും ചെയ്തു. ശൈലജയുടെ ഈ പരാമർശം ജലീലിനെതിരെയാണെന്ന തരത്തിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.
കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്
നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ.ടി. ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.