കൊച്ചി: വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന കേസിൽ അഴീക്കോട് എം.എൽ.എയും മുസ് ലിം യൂത്ത് ലീഗ് നേതാവുമായ കെ.എം. ഷാജിയെ ഹൈകോടതി അയോഗ്യനാക്കി. എൽ.ഡി.എഫ് സ്ഥാനാർഥി എം.വി നികേഷ് കുമാർ നൽകിയ തെരഞ്ഞെടുപ്പ് ചട്ടലംഘന കേസിലാണ് കെ.എം. ഷാജിയെ ആറു വർഷത്തേക്ക് ഹൈകോടതി അയോഗ്യനാക്കിയത്.
അതേസമയം, യു.ഡി.എഫ് സ്ഥാനാർഥിയെ അയോഗ്യനാക്കിയെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്‍റെ ആവശ്യം ഹൈകോടതി അംഗീകരിച്ചില്ല. വിധിയിൽ തുടർനടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷനും സ്പീക്കർക്കും ഹൈകോടതി നിർദേശം നൽകി. കേസ് നടത്തിപ്പ് ചെലവായി 50,000 രൂപ നികേഷിന് നൽകാനും ജസ്റ്റിസ് പി.ഡി രാജൻ ഉത്തരവിട്ടു.
2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി നികേഷ് കുമാറിനെ 2287 വോട്ടിനാണ് കെ.എം ഷാജി പരാജയപ്പെടുത്തിയത്. കെ.എം ഷാജിക്ക് 63082 വോട്ടും നികേഷിന് 60795 വോട്ടും ലഭിച്ചു. എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ അഡ്വ. എ.വി കേശവന്‍ മൂന്നാം സ്ഥാനത്തെത്തി.
രണ്ടാം തവണയാണ് അഴീക്കോട് മണ്ഡലത്തിൽ നിന്ന് കെ.എം ഷാജി വിജയിച്ചത്. 2011ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം. പ്രകാശൻ മാസ്റ്ററെ 483 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
1977 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മൂന്നു തവണ മാത്രമാണ് അഴീക്കോട് മണ്ഡലത്തിൽ ഇടത് സ്ഥാനാർഥികൾ പരാജയപ്പെട്ടത്. 1977ൽ ചടയൻ ഗോവിന്ദനും 1980, 82ൽ പി. ദേവൂട്ടിയും 1991ൽ ഇ.പി ജയരാജനും 1996, 2001ൽ ടി.െക ബാലനും 2005, 2006ൽ എം. പ്രകാശനും എന്നിവർ അഴീക്കോട് നിന്ന് വിജയിച്ചു.
എന്നാൽ, 1987ൽ ഇ.പി ജയരാജനെ 1389 വോട്ടിന് തകർത്ത് എം.വി രാഘൻ നിയമസഭയിലെത്തി. പിന്നീട് 2006ലെ ഇരവിപുരത്തെ തോൽവിക്ക് ശേഷം 2011ൽ കെ.എം ഷാജി അഴീക്കോട് സീറ്റിൽ ജയിച്ചു കയറി. 2016 തെരഞ്ഞെടുപ്പിൽ ഈ സീറ്റ് ഷാജി തന്നെ നിലനിർത്തുകയും ചെയ്തു.
ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു. ഒരു വിധി കൊണ്ട് പൊതുപ്രവർത്തനം
അവസാനിപ്പിക്കില്ല. നികേഷ് വളരെ മോശമായി വളച്ചൊടിച്ച കേസാണിതെന്നും അദ്ദേഹം ആരോപിച്ചു.
മുസ് ലിം ഭൂരിപക്ഷ മണ്ഡലമാണ് അഴീക്കോടെന്നും വിധിക്കെതിരെ നിയമപരമായ പോരാട്ടം നടത്തുമെന്നും മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.
കെ.എം ഷാജി എന്നും മതേതരവാദിയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അദ്ദേഹം വർഗീയ പ്രചാരണം നടത്തുമെന്ന് ജനങ്ങൾ കരുതുന്നില്ല. വർഗീയ തീവ്രവാദികളാണ് ഷാജിയെ ഏറ്റവും കൂടുതൽ എതിർക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.