മലപ്പുറം: ആർ.എസ്.എസ് സാംസ്കാരിക കേന്ദ്രമായ കോഴിക്കോട്ടെ കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിൽ ജാഗ്രതക്കുറവുണ്ടായതായി സമ്മതിച്ച് അഡ്വ. കെ.എൻ.എ ഖാദർ മുസ്ലിംലീഗ് നേതൃത്വത്തിന് വിശദീകരണം നൽകി. ഇക്കാര്യത്തിൽ പാർട്ടി എന്തു നടപടി എടുത്താലും അംഗീകരിക്കും. പാർട്ടിക്ക് പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദപ്രകടനത്തിന് തയാറാണെന്നും മുസ്ലിം ലീഗ് ദേശീയ-സംസ്ഥാന നിർവാഹക സമിതി അംഗവും മുൻ എം.എൽ.എയുമായ ഖാദർ അറിയിച്ചിട്ടുണ്ട്. സുഹൃത്തായ കോഴിക്കോട്ടെ വക്കീൽ വിളിച്ചത് പോയത്.
കോൺഗ്രസ്-മതേതര പശ്ചാതലത്തിൽ അറിയപ്പെടുന്ന നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ, ചിത്രകാരൻ മദനൻ, കവി പി.കെ. ഗോപി തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് പറഞ്ഞത്. അതുപ്രകാരം മതേതര സാംസ്കാരിക പരിപാടിക്കാണ് പോയത്. എന്നാൽ, ആ വേദിയിൽ പോയതിൽ നേതൃത്വത്തിന് അതൃപ്തിയുള്ളതായാണ് മനസ്സിലാക്കുന്നത്. എല്ലാ വേദികളിലും പറയുന്നത് പോലെ മതേതരത്വത്തെ കുറിച്ചാണ് അവിടെയും പറഞ്ഞത്. പരിപാടിയിൽ തനിക്ക് ഷാളണിയിച്ചു തന്നയാൾ ആർ.എസ്.എസ് നേതാവാണെന്നറിയുമായിരുന്നില്ല. വേദിയിൽ വന്നവർക്കെല്ലാം അദ്ദേഹമാണ് ഷാളണിയിച്ചത്.
ആർ.എസ്.എസുകാർക്ക് താൻ അങ്ങോട്ട് ഷാളണിയിച്ചാലാണ് വിവാദമാകേണ്ടത്. ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും മുമ്പ് യു.ഡി.എഫിന്‍റെ സഹ നിയമസഭ സാമാജികനുമായിരുന്ന എ.പി. അബ്ദുല്ലക്കുട്ടി വിവാദമുണ്ടായ ശേഷം നിരന്തരം വിളിക്കുന്നുണ്ട്. പക്ഷേ, താൻ ഫോണെടുത്തിട്ടില്ല. 17 വർഷം കമ്യൂണിസ്റ്റ് പാർട്ടിയിലും 35 വർഷമായി ലീഗിലും പ്രവർത്തിച്ച തനിക്ക് 52 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുണ്ട്. ഇനിയൊരു പാർട്ടി മാറ്റമില്ല. അവസാനംവരെ ലീഗിൽ അടിയുറച്ച് നിൽക്കും. പാർലമെന്‍ററി, പാർട്ടി നേതൃത്വത്തിൽ നിന്നും വിരമിക്കാനുള്ള മാനസികാവസ്ഥയിലാണെന്നാണ് കെ.എൻ.എ ഖാദറിന്‍റെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.