കെ.എന്‍.എ ഖാദര്‍ ആർ.എസ്.എസ് വേദിയില്‍: ആർ.എസ്.എസ് ഹിന്ദുമതവുമായി തുലനം ചെയ്യുന്നത് അപകടകരം- പി കെ ഉസ്മാന്‍


കോഴിക്കോട് : മുസ്ലിം ലീഗ് നേതാവ് കെ.എ.ന്‍എ ഖാദര്‍ ഉള്‍പ്പെടെയുള്ളവര്‍ ആർ.എസ്.എസ് വേദികള്‍ പങ്കിടുന്നത് ആർ.എസ്.എസിന് മാന്യത നല്‍കാനുള്ള അജണ്ടയുടെ ഭാഗമാണെന്നും ആർ.എസ്.എസിനെ ഹിന്ദുമതവുമായി തുലനം ചെയ്യുന്നത് അപകടകരമാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഉസ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇത്തരം ആളുകള്‍ ആർ.എസ്.എസിനും സംഘപരിവാര നേതാക്കള്‍ക്കും ഉണ്ടാക്കിക്കൊടുത്ത വ്യക്തിപ്രഭാവമാണ് പല തിരഞ്ഞെടുപ്പുകളിലും അവര്‍ക്ക് വിജയിക്കാന്‍ അവസരമൊരുക്കിയത്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം ആർ.എസ്.എസിനെ നിരാകരിക്കുമ്പോള്‍ ആർ.എസ്.എസിനെ ഹൈന്ദവ സമൂഹത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന നിലപാടിന്റെ ധാര്‍മികത ലീഗ് നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങളെ ആർ.എസ്.എസ് നേതാക്കള്‍ അട്ടിമറിക്കുകയാണ്. രാജ്യവ്യാപകമായി മനുഷ്യരെ കൊന്നൊടുക്കുന്നതും പ്രവാചക നിന്ദ നടത്തുന്നതും മതന്യൂനപക്ഷങ്ങളും പുരോഗമന ചിന്താഗതിക്കാരും ഇല്ലാത്ത ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആർ.എസ്.എസ് നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.

മുസ്ലിം ലീഗ് നേതൃത്വത്തിന്റെ കച്ചവട താല്‍പ്പര്യവും തെറ്റായ പ്രവണതകളും ഈ പ്രസ്ഥാനത്തിന്റെ നയം തന്നെ ആർ.എസ്.എസിന് അടിയറവെക്കുന്നതിലേക്ക് എത്തിയിരിക്കുന്നു. സാദിഖലി തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ താല്‍പ്പര്യം തന്നെയാണ് താനും ആർ.എസ്.എസ് വേദി പങ്കിട്ടതിലുള്ളതെന്ന് കെ.എന്‍. എ ഖാദര്‍ പറയുമ്പോള്‍ ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ആർ.എസ്.എസുമായിട്ടുള്ള സൗഹൃദത്തെയാണോ കേരളത്തിലെ സൗഹൃദത്തിന്റെ അളവുകോലായി കാണുന്നതെന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കണം. ഈ ഒത്തുതീര്‍പ്പു രാഷ്ട്രീയം പുതിയതല്ല. വിവാദമായ മുത്വലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വേളയില്‍ ഹാജരാവാതിരുന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടും ഇതിന്റെ ഭാഗമായിരുന്നു എന്നു വേണം കരുതാനെന്നും പി.കെ ഉസ്മാന്‍ വ്യക്തമാക്കി.

Tags:    
News Summary - KNA Khader on RSS platform: It is dangerous to compare RSS with Hinduism- PK Usman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.