കൊച്ചി: ലോക കലാഭൂപടത്തിൽ കൊച്ചിക്ക് തനത് വിലാസം നൽകിയ കൊച്ചി മുസ്രിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് തിങ്കളാഴ്ച തിരിതെളിയും. ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. 'നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും' പ്രമേയത്തിൽ 14 വേദികളിലായി ഏപ്രിൽ 10 വരെ ബിനാലെ ഒരുക്കുന്ന കലാവസന്തം തുടരും.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികൾ പ്രദർശനത്തിനുണ്ടാകും. സ്റ്റുഡന്റ്സ് ബിനാലെയും ആർട്ട് ബൈ ചിൽഡ്രൻ എന്നിവ ബിനാലെ 2022ന്റെ ഭാഗമായുണ്ട്. വിവിധ സാംസ്കാരിക പരിപാടികളും നടക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, വി.എൻ. വാസവൻ, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ. മാക്സി, കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.ജെ. വിനോദ്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പേട്രൺ എം.എ. യൂസഫലി, ഫൗണ്ടേഷൻ ഉപദേശകൻ എം.എ. ബേബി എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
ബിനാലെയുടെ നാലാം പതിപ്പ് അരങ്ങേറിയ 2018ൽ ലോകമെമ്പാടുനിന്നുമായി ആറുലക്ഷം പേരാണ് എത്തിയത്. ഇക്കൊല്ലം ഇതിലേറെ പേർ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ പറഞ്ഞു. ബിനാലെ ടിക്കറ്റുകൾ കൗണ്ടറിനു പുറമെ ബുക്ക് മൈ ഷോ ആപ്പിലും ലഭ്യമാകും. വിദ്യാർഥികൾക്ക് 50ഉം മുതിർന്ന പൗരന്മാർക്ക് 100ഉം മറ്റുള്ളവർക്ക് 150ഉം രൂപ വീതമാണ് പ്രവേശന നിരക്ക്. ഒരാഴ്ചത്തെ ടിക്കറ്റിന് 1000 രൂപയാണ് നിരക്ക്. പ്രതിമാസ നിരക്ക് 4000 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.