നെടുമ്പാശ്ശേരി: ഗ്രാമപഞ്ചായത്തിലെ ലോക്ഡൗൺകാലത്തെ സമൂഹ അടുക്കളയിലെ സാമ്പത്തിക വിവാദവുമായി ബന്ധപ്പെട്ട് സി.പി.എം നെടുമ്പാശ്ശേരി ഏരിയ കമ്മിറ്റിയിലെ അഞ്ച് നേതാക്കൾക്കെതിരെ നടപടിക്ക് ജില്ല കമ്മിറ്റിക്ക് ശിപാർശ നൽകി.
ഡി.വൈ.എഫ്.ഐ നെടുമ്പാശ്ശേരി വില്ലേജ് കമ്മിറ്റി സെക്രട്ടറി ബഹനാൻ പി. അരീയ്ക്കലിനെ പാർട്ടിയിൽനിന്ന് പുറത്താക്കാനും നെടുമ്പാശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സണ്ണി പോൾ, സഹോദരനും ഏരിയ കമ്മിറ്റി അംഗവുമായ തമ്പി പോൾ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എ.വി. ഷിജു, ഗ്രാമപഞ്ചായത്ത് അംഗവും ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുമായ സിദ്ധാർഥൻ എന്നിവരെ പാർട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കാനാണ് ഏരിയ കമ്മിറ്റിയുടെ ശിപാർശ.
സമൂഹ അടുക്കള നടത്തിപ്പിെൻറ അവസാനം അറുപതിനായിരത്തിലേറെ രൂപ നടത്തിപ്പുകാർ പങ്കിട്ടെടുത്തെന്ന് പാർട്ടിയിലെതന്നെ ഒരുവിഭാഗം പ്രാദേശികചാനലിൽ വാർത്ത നൽകുകയായിരുന്നു. തുടർന്ന് പ്രതിപക്ഷം ഇത് ഏറ്റെടുത്ത് സമരപരമ്പരകൾ സംഘടിപ്പിച്ചിരുന്നു. സർക്കാർ നിർദേശപ്രകാരം അടുക്കള നടത്തിപ്പിൽ ജോലിചെയ്തവർ തങ്ങൾക്ക് കൂലിയായി ലഭിച്ച തുക നടത്തിപ്പിൽ പങ്കാളികളായ എല്ലാവർക്കും വീതിച്ചുനൽകുകയായിരുന്നുവെന്ന് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.
സംഭവം വിവാദത്തെത്തുടർന്ന് ഏരിയ കമ്മിറ്റി അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ഇ.എം. സലീമിെൻറ നേതൃത്വത്തിലുള്ള അന്വേഷണ കമീഷനിൽ കെ.എസ്. രാജേന്ദ്രൻ, എം.ആർ. സുരേന്ദ്രൻ എന്നിവരും അംഗങ്ങളായിരുന്നു. വെള്ളിയാഴ്ച ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ജില്ല കമ്മിറ്റി പ്രതിനിധികളായി സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.സി. മോഹനൻ, എം.പി. പത്രോസ് എന്നിവർ പങ്കെടുത്തു.
കഴമ്പില്ലാത്ത അടുക്കള വിവാദം ചില താൽപര്യങ്ങൾക്കുവേണ്ടി പൊക്കിക്കൊണ്ടുവന്നതാണെന്നും ഇതുമൂലം പഞ്ചായത്തിനോ മറ്റാർക്കെങ്കിലുമോ സാമ്പത്തികനേട്ടമോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും കമ്മിറ്റി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.