തൃശൂര്‍: കൊടകര കുഴൽപണക്കേസിൽ ബി.ജെ.പി ആടിയുലയുന്നു. പാർട്ടിക്കകത്തും പുറത്തും പ്രതിരോധംതീർക്കേണ്ട ഗതികേടിലാണ് സംസ്ഥാന നേതൃത്വം. ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നതാണ് നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. പാർട്ടിയുടെ തൃശൂർ ജില്ല ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലുകൾക്കൊപ്പം പാലക്കാട് സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നവരിലൊരാളായ സന്ദീപ് വാര്യർ അടക്കമുള്ള അസംതൃപ്തർ ഉയർത്തുന്ന വെല്ലുവിളികളും പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കുന്നുണ്ട്.
പല കാലങ്ങളിലായി ബി.ജെ.പിയിലെത്തിയ മുൻ ഉദ്യോഗസ്ഥ പ്രമുഖരടക്കമുള്ളവരും നേതൃത്വത്തോട് കടുത്ത അസംതൃപ്തിയുള്ളവരാണ്. പുറത്ത് ഐക്യവും ഒത്തൊരുമയും ഉണ്ടെന്നുവരുത്താൻ നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും പാർട്ടിയിൽ വിഭാഗീയത രൂക്ഷമാകുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
‘കൊടകര’ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് മുഖ്യമായും പ്രതിക്കൂട്ടിലുള്ളത്. പണം കവർച്ചചെയ്യപ്പെട്ട കേസിൽ സംസ്ഥാന പൊലീസ് കുറ്റപത്രം സമർപ്പിച്ചതോടെ നേതാക്കൾ ഏറക്കുറെ സുരക്ഷിതാവസ്ഥയിൽ എത്തിയിരുന്നു.
എന്നാൽ, കേസിൽ സാക്ഷിപ്പട്ടികയിലുള്ള മുൻ ഓഫിസ് സെക്രട്ടറിതന്നെ കള്ളപ്പണ ആരോപണം ഉന്നയിച്ച് പരസ്യമായി രംഗത്തെത്തിയതോടെയാണ് കാര്യങ്ങൾ കലങ്ങി മറിഞ്ഞത്. സർക്കാർ കൂടുതൽ അന്വേഷണം പ്രഖ്യാപിച്ചതും ആദ്യം കേസ് അന്വേഷിച്ച സംഘത്തിന്റെ തലവൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയ റിപ്പോർട്ട് പുറത്തുവന്നതും പാർട്ടിയെ ചെറുതായല്ല അലോസരപ്പെടുത്തുന്നത്.
അതിനിടെ സതീഷിന്റെ വെളിപ്പെടുത്തലുകൾക്കു പിന്നിൽ ശോഭ സുരേന്ദ്രനാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ, ഇതിനു പിന്നാലെ സതീഷിനെതിരെ നിശിത വിമർശനവുമായി രംഗത്തെത്തിയ ശോഭ മുഖ്യമന്ത്രിയാണ് പുതിയ തിരക്കഥക്കു പിന്നിലെന്ന ആക്ഷേപമാണ് ഉയർത്തിയത്. സതീഷ് ഒറ്റുകാരനാണെന്ന് പറഞ്ഞ ശോഭ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാത്തിനും പിന്നിലെന്നും പറഞ്ഞിരുന്നു.
എന്നാൽ, ഞായറാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ കൊടകരയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്താൻ ശോഭയാണ് പറഞ്ഞതെന്ന മറുപടിയാണ് നൽകിയത്. ഇതോടെ ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ട അവസ്ഥയിലാണ് നേതൃത്വം.
സതീഷിന് മറുപടി നൽകുമ്പോൾ സംസ്ഥാന പ്രസിഡന്റ് പദവിയിൽ എത്താൻ തനിക്ക് അയോഗ്യതയൊന്നുമില്ലെന്ന് പറഞ്ഞുവെക്കുന്ന ശോഭ പാർട്ടിക്കകത്തെ പോരാട്ടം തുടരുമെന്ന സൂചനയാണ് നൽകുന്നതും. കൊടകരയിൽ കവർച്ചചെയ്ത പണത്തിന്റെ ഉറവിടവും പണം കൊണ്ടുവരുന്നതിൽ പങ്കാളികളായവരുമെല്ലാം ഇ.ഡി അന്വേഷണത്തിലേക്ക് എത്തിയില്ലെങ്കിൽ കോൺഗ്രസിനും സി.പി.എമ്മിനും വലിയ രാഷ്ട്രീയ ആയുധമാകും ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.