തൃശൂർ: കൊടകര കുഴൽപണക്കേസിൽ ഇതുവരെയുള്ള കണ്ടെത്തലുകളും മൊഴികളും രേഖകളും സംബന്ധിച്ച് അന്വേഷണസംഘം നിയമ പരിശോധനക്കൊരുങ്ങുന്നു. ഇതിന് ശേഷമേ കുറ്റപത്രം തയാറാക്കൂ. കേസുമായി ബന്ധപ്പെട്ട് നിഗൂഢതയുണ്ടെന്ന ഹൈകോടതി പരാമർശവും 22 പ്രതികൾ അറസ്റ്റിലാവുകയും നിർണായക മൊഴികളും ഡിജിറ്റൽ തെളിവുകളും ലഭിക്കുകയും ചെയ്തിട്ടും കവർച്ചയും കള്ളപ്പണവും സംബന്ധിച്ച് വ്യക്തത വരാത്ത സാഹചര്യത്തിലാണ് കൂടുതൽ നിയമ പരിശോധനക്കുള്ള തീരുമാനം. അടുത്ത ദിവസം അന്വേഷണസംഘം യോഗം ചേരും.
26ന് മുമ്പായി കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. കുറ്റപത്രം ഒറ്റത്തവണയായി വേണോ അതോ രണ്ട് ഘട്ടമായി വേണോ എന്നതടക്കമുള്ളവ യോഗത്തിൽ തീരുമാനിക്കും. കേസിൽ നിഗൂഢതയുണ്ടെന്ന ഹൈകോടതിയുടെ രൂക്ഷമായ പരാമർശങ്ങൾ അവഗണിച്ച് വിടാവുന്നതല്ലെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.
വിചാരണ നടക്കേണ്ട ഇരിങ്ങാലക്കുട കോടതിയിൽ നേരേത്ത നൽകിയ റിപ്പോർട്ട് അനുസരിച്ച് പണം ബി.ജെ.പി തെരഞ്ഞെടുപ്പ് ആവശ്യത്തിനായി എത്തിച്ചതാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ തെളിവുകളില്ലാത്തത് വലക്കുന്നതാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ അടക്കമുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ഇതുമായി ബന്ധപ്പെട്ട് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. കവർച്ചക്കേസ് മാത്രമാണ് നിലവിൽ പൊലീസിന് അന്വേഷിക്കാൻ കഴിയുകയെന്നതിനാൽ, കള്ളപ്പണം കടത്തിയത് സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ശിപാർശ പൊലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തും.
ഒന്നരക്കോടിയോളം രൂപയും 20 ലക്ഷത്തിെൻറ സ്വർണവും ഇടപാട് രേഖകളും കണ്ടെടുത്തിട്ടുണ്ടെങ്കിലും രണ്ട് കോടിയോളം ഇനിയും കണ്ടെടുക്കാനുള്ളത് സംബന്ധിച്ച് കൂടുതൽ അന്വേഷിക്കുകയാണ് പൊലീസ്. കവർച്ച ചെയ്ത പണം ധൂർത്തടിച്ചെന്നാണ് പ്രതികളുടെ വാദം. പണം കണ്ടെത്താത്തതിനാൽ ഈ വാദത്തിൽ തന്നെയാണ് പൊലീസെങ്കിലും ഇതുസംബന്ധിച്ച തെളിവുകളൊന്നും ലഭിക്കാത്തതിനാൽ പണം മറ്റെവിടെയോ സുരക്ഷിതമാണെന്ന വിലയിരുത്തലാണ്. പണമോ ചെലവഴിച്ചതിെൻറ തെളിവുകളോ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് കണ്ടെത്താനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.