തൃശൂർ: ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിൽ നിന്ന് എൻ.എസ്.എസ് മാറിനിൽക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്നത്ത് പത്മനാഭൻ തുടങ്ങി വെച്ച നവോത്ഥാന പാരമ്പര്യം പിന്തുടരാൻ എൻ.എസ്.എസ് തയാറാവണം. കേരളത്തിൻെറ നവോത്ഥാന ചരിത്രത്തിൽ പ്രധാന ഇടമുള്ള എൻ.എസ്.എസ് വനിതാ മതിലിന് നേതൃത്വം കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതിൽ സി.പി.എം സംഘടിപ്പിക്കുന്ന പരിപാടിയല്ല. പ്രതിപക്ഷവും ഇതിനോട് സഹകരിക്കണം. യു.ഡി.എഫ് അനുഭാവികളായ സ്ത്രീകളെ പരിപാടിയിൽ പങ്കെടുപ്പിക്കുകയാണ് രമേശ് ചെന്നിത്തല ചെയ്യേണ്ടത്. സി.പി.എം ഇതിനോട് എങ്ങനെ സമീപിക്കണമെന്നത് നാലിന് ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.
പരിപാടി സർക്കാർ ചിലവിൽ വേണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തിനും അദ്ദേഹം മറുപടി നൽകി. നവോത്ഥാന മുന്നേറ്റത്തിനും സ്ത്രീ പുരുഷ സമത്വത്തിനും വേണ്ടിയുള്ള പരിപാടി സർക്കാർ തന്നെയാണ് സംഘടിപ്പിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.
ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരായ െക.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻെറ ആരോപണം അസംബന്ധമാണ്. മുല്ലപ്പള്ളിയെ പോലെ ഒരാൾ ഇത്തരം തരംതാഴ്ന്ന പ്രസ്താവന നടത്താൻ പാടില്ലാത്തതായിരുന്നു. സത്യപ്രതിജ്ഞാ ലംഘനമാണിത്. സ്വന്തം കഴിവ് കേട് മറക്കാനാണ് മുല്ലപ്പള്ളിയുടെ വില കുറഞ്ഞ പ്രസ്താവന. ശബരിമല വിഷയത്തിൽ രൂപപ്പെട്ട കോൺഗ്രസ്-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് മറക്കാനാണ് മുല്ലപ്പള്ളിയുടെ ശ്രമമെന്നും കോടിേയരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.