പുനലൂർ: അനുവദനീയമായ ഇളവുപോലും അനുവദിക്കാൻ പൊലീസ് തയാറാകാത്തതോടെ രോഗിയായ പ ിതാവിനെ കാൽ കിലോമീറ്ററോളം ദൂരം മകന് ചുമക്കേണ്ടിവന്നു. പുനലൂരിൽ ബുധനാഴ്ച രാവിലെ 11 .30 ഓടെയായിരുന്നു കരളലിയിപ്പിക്കുന്ന സംഭവം. ആശുപത്രിയിൽനിന്ന് ഡിസ്ചാർജായ വയോധി കനെ വീട്ടിലേക്ക് കൊണ്ടുപോകാൻ മകൻ എത്തിച്ച വാഹനം പൊലീസ് തടഞ്ഞതാണ് കാരണം.
കുളത്തൂപ്പുഴ പെരുമ്പള്ളിൽ കുന്നിൽവീട്ടിൽ പി.ജി. ജോർജിനെ (88) ശ്വാസതടസ്സം, മൂത്രത്തിൽ കല്ല് തുടങ്ങിയ രോഗങ്ങളെതുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പൂനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്തു. ഒപ്പമുണ്ടായിരുന്ന ഭാര്യ ലീലാമ്മ അറിയിച്ചതനുസരിച്ച് പിതാവിനെ കൊണ്ടുപോകാൻ മകനും ഓട്ടോറിക്ഷ ഡ്രൈവറുമായ റോയിമോൻ ഓട്ടോയുമായി എത്തി.
വരുന്നതിന് മുമ്പ് കുളത്തൂപ്പുഴ സ്റ്റേഷനിലെത്തി വാഹനത്തിന് പാസ് ആവശ്യപ്പെട്ടപ്പോൾ സത്യവാങ്മൂലം എഴുതി വാഹന പരിശോധകരെ കാണിച്ചാൽ മതിയെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, പുനലൂരിലെത്തിയപ്പോൾ പൊലീസ് ഓഫിസർ ആക്രോശിച്ച് വണ്ടി തടഞ്ഞു. തുടർന്ന് റോയിമോൻ ആശുപത്രിയിലെത്തി സൂപ്രണ്ടിനെ വിവരം ധരിപ്പിച്ചു. സൂപ്രണ്ട് നൽകിയ കത്ത് പൊലീസിനെ കാണിച്ചിട്ടും ഫലമുണ്ടായില്ല. തിരികെ ആശുപത്രിയിലെത്തി റോയിമോൻ പിതാവിനെയും മാതാവിനെയും അവിടെയുണ്ടായിരുന്ന മറ്റൊരു ഓട്ടോയിൽ കയറ്റിയെങ്കിലും പൊലീസിനെ കണ്ട് ഭയന്ന് ഓട്ടോക്കാരൻ ഇവരെ ഇറക്കിവിട്ടു.
മറ്റ് മാർഗങ്ങളില്ലെന്ന് കണ്ടതോടെ റോയിമോൻ പിതാവിനെ എടുത്ത് പൊലീസിെൻറ മുന്നിലൂടെ ടി.ബി ജങ്ഷനിലെത്തി ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ജില്ല പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.