അഞ്ചൽ(കൊല്ലം): അഞ്ചൽ ഏറം വെള്ളിശ്ശേരി ഉത്രയെ(25) കൊലപ്പെടുത്താൻ ഉപയോഗിച്ചശേഷം തല്ലിക്കൊന്ന് കുഴിച്ചിട്ട പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. പൊലീസ്, ഫോറസ്റ്റ്, വെറ്ററിനറി, േഫാറൻസിക് വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ തെളിവ് ശേഖരണത്തിനുള്ള അപൂർവ നടപടി.
പാമ്പിനെ കൊലപാതകത്തിന് ആയുധമാക്കിയ കേസായതിനാൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിെൻറ ഭാഗമായാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഉത്രയുടെ കൈത്തണ്ടയിൽ കൊത്തിയത് ഇതേ പാമ്പ് തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. ഉത്രയുടെ ഭർത്താവ് പ്രതിയായ സൂരജിനെതിരെ(27) ശക്തമായ തെളിവുകൾ ശേഖരിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിെൻറ തീരുമാനം. വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ടിരുന്ന മൂർഖെൻറ ജഡം നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. ജീർണിച്ചുതുടങ്ങിയ അവസ്ഥയിലായിരുന്നു.
ചൊവ്വാഴ്ച രാവിലെ 11.30 ഓടെ ആരംഭിച്ച പോസ്റ്റ്മോർട്ടം ഉച്ചക്ക് രണ്ടേകാലോടെയാണ് അവസാനിച്ചത്. പാമ്പിെൻറ വിഷപ്പല്ല്, പേശി, തലച്ചോറ് മുതലായവ ശേഖരിച്ച് വിദഗ്ധപരിശോധനക്കായി തിരുവനന്തപുരം, ഡൽഹി എന്നിവിടങ്ങളിലെ സയൻറിഫിക് ലാബുകളിലേക്കയക്കും. 152 സെ.മീറ്റർ വലുപ്പമുള്ളതും പൂർണവളർച്ചയെത്തിയതുമായ മൂർഖെൻറ വിഷപ്പല്ലിന് 0.6 സെ.മീറ്റർ നീളമുണ്ടായിരുെന്നന്ന് അന്വേഷണസംഘം വ്യക്തമാക്കി.
ഡി.എൻ.എ പരിശോധനയും നടത്തുമെന്ന് ഡി.ജി.പിയും വ്യക്തമാക്കി. കല്ലുവാതുക്കൽ സ്വദേശിയും പാമ്പുപിടിത്തക്കാരനുമായ സുരേഷിൽനിന്ന് 10,000 രൂപ കൊടുത്താണ് പാമ്പിനെ വാങ്ങിയതെന്നാണ് സൂരജിെൻറ മൊഴി. അസി. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. കിഷോർ കുമാർ, തിരുവനന്തപുരം സുവോളജി പാർക്ക് വെറ്ററിനറി അസി.ഡയറക്ടർ ഡോ.ജേക്കബ് അലക്സാണ്ടർ, തിരുവനന്തപുരം മൗണ്ടൻ പൊലീസ് യൂനിറ്റ് വെറ്ററിനറി അസി.ഡയറക്ടർ ഡോ.എൻ.ജെ. ലോറൻസ്, സയൻറിഫിക് അസിസ്റ്റൻറ് ഷഫീക്ക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.