പുൽപള്ളി: കബനിയും കടുവ സങ്കേതങ്ങളും അതിർത്തി പങ്കിടുന്ന കൊളവള്ളിയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതി തയാറാക്കാനൊരുങ്ങി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. മുള്ളൻകൊല്ലി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കബനി പുഴയോരത്തുള്ള 35 ഏക്കർ സ്ഥലത്ത് ഇതിനുള്ള പദ്ധതികൾ തയാറാക്കും. പുഴയും വയലും വനവുമുള്ള മനോഹര പ്രദേശമാണിത്. വർഷങ്ങളായി ഉപയോഗപ്പെടുത്താത്ത ഈ സ്ഥലം ഇപ്പോൾ കാടുമൂടി സാമൂഹിക വിരുദ്ധരുടെ താവളമാണ്. ടൂറിസം വികസനത്തിന് ഇവിടെ അനന്ത സാധ്യതകളുണ്ടെന്ന് സ്ഥലം സന്ദർശിച്ച ഡി.ടി.പി.സി സംഘം വിലയിരുത്തി.
പ്രകൃതിക്കിണങ്ങുന്ന വിവിധ പദ്ധതികളാണ് ഇവിടെ അഭികാമ്യം. പ്രദേശവാസികൾക്കും ഗോത്രസമൂഹത്തിനും ഇതുവഴി ജീവിത പുരോഗതി കൈവരിക്കാനാവും. കബനിയിൽ ജല സവാരി, വയോജനങ്ങൾക്കും കുട്ടികൾക്കും പാർക്കുകൾ, കളിസ്ഥലങ്ങൾ, ഗ്രാമീണ ഭക്ഷണ സ്റ്റാളുകൾ, മീൻപിടിത്തം എന്നിവയെല്ലാം നടത്താനാവും. ദേശാടന പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സാന്നിധ്യവും ഇവിടെയുണ്ട്. നിരീക്ഷണ ഗോപുരം നിർമിച്ചാൽ വനത്തിന്റെയും കബനിപ്പുഴയുടെയും കാഴ്ചകൾ ആസ്വദിക്കാം. സഞ്ചാരികൾക്ക് താമസിക്കാനുള്ള കോട്ടേജുകൾ, ഡോർമിറ്ററി, പഠന ക്യാമ്പുകൾ എന്നിവക്കും ഉചിതമായ സ്ഥലമാണിത്. വിശാലമായ പാർക്കിങ്, വീതിയുള്ള റോഡ്, പൂന്തോട്ടം, ഹെർബൽ പാർക്ക്, ശലഭ പാർക്ക് എന്നിവക്കും സ്ഥലം അനുയോജ്യമാണെന്ന് ജനങ്ങൾ പറയുന്നു.
ഗ്രാമസഭകളിൽ പലവട്ടം പ്രദേശവാസികൾ വിഷയം ചർച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും നിവേദനം നൽകി. ജില്ലയിൽ നിലവിലുള സഞ്ചാര കേന്ദ്രങ്ങളെ മറികടക്കാനാവുന്ന സ്ഥലമാക്കി കൊളവള്ളിയെ മാറ്റാനാകുമെന്നും നാട്ടുകാർ പറയുന്നു. ആദ്യ പടിയെന്ന നിലയിൽ സ്ഥലത്തെ കാടു വെട്ടിത്തെളിച്ച് സർവേ നടത്താൻ തീരുമാനിച്ചു.
തുടർന്ന് മറ്റ് നടപടികൾ ആസൂത്രണം ചെയ്യും. ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, മാനേജർ പി.പി. പ്രവീൺ, നിർവാഹക സമിതി അംഗം പി.വി. സഹദേവൻ, വി.ജെ. ഷിജു, ബൈജു തോമസ്, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, സ്ഥിരംസമിതി ചെയർമാൻ ഷിനു കച്ചിറയിൽ, ടി.കെ. ശിവൻ എന്നിവരടങ്ങിയ സംഘമാണ് കൊളവള്ളിയിലെ വിനോദ സഞ്ചാര സാധ്യതകൾ വിലയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.