കൂടത്തായ് കൂട്ടക്കൊല: എല്ലാ മരണവും ജോളിയുടെ സാന്നിധ്യത്തിലെന്ന് സാക്ഷിമൊഴി

കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലക്കേസ് പരമ്പരയിലെ റോയ് തോമസ് വധക്കേസിൽ സാക്ഷി വിസ്താരം മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ മുമ്പാകെ തുടങ്ങി. റോയി തോമസിന്റെ സഹോദരി ഒന്നാം സാക്ഷി രഞ്ജി വിൽസന്റെ വിസ്താരമാണ് തുടങ്ങിയത്. സാക്ഷിയുടെ പ്രോസിക്യൂഷൻ വിസ്താരമാണ് ചൊവ്വാഴ്ച വൈകുന്നേരം വരെ നടന്നത്. തുടർ വിസ്താരവും പ്രതിഭാഗം ക്രോസ് വിസ്താരവും ബുധനാഴ്ച നടക്കും.

ഒന്നാം പ്രതി ജോളി ജഡ്ജിക്ക് നേരിട്ട് നൽകിയ പരാതിയിൽ, മാധ്യമങ്ങൾക്ക് കോടതി നിയന്ത്രണമേർപ്പെടുത്തി. കോടതി നടപടികൾ ‘ഇൻ കാമറ’യായി നടത്താനും തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട അഭിഭാഷകർക്കു മാത്രമാണ് പ്രവേശനം. എന്നാൽ, ഇൻ കാമറ ആവശ്യമില്ലെന്ന് കാണിച്ച് ജോളിയുടെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂർ ഹരജി നൽകി. ഹരജിയിൽ ബുധനാഴ്ച തീരുമാനമുണ്ടാവും. കാമറകൾ കാരണം ബാത് റൂമിൽ പോവാൻപോലും കഴിയുന്നില്ലെന്നും മറ്റും കാണിച്ചാണ് ജോളി കോടതിയിൽ പരാതി നൽകിയത്.

രണ്ടാംപ്രതി എം.എസ്. മാത്യുവുമായി സംസാരിക്കണമെന്ന ജോളിയുടെ അപേക്ഷ കോടതി തള്ളി. മാത്യുവിന് ജോളിയുമായി സംസാരിക്കാൻ താല്പര്യമില്ലെന്നും വേണമെങ്കിൽ അഭിഭാഷകൻ മുഖേന സംസാരിക്കാമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ഷഹീർ സിങ് കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്.മൊത്തം കൊലകളുമായി ബന്ധപ്പെട്ട കാര്യത്തിലാണ് ഒന്നാം സാക്ഷി ചൊവ്വാഴ്ച മൊഴി നൽകിയത്.

എല്ലാ മരണവും ജോളിയുടെ സാന്നിധ്യത്തിലായിരുന്നു. വിവാഹം കഴിച്ച് ഭർത്താവിനൊപ്പം കൊളംബോയിലായിരുന്നുവെന്നും കൂട്ടക്കൊല പരമ്പരയിൽ ആറു പേരുടെയും മരണത്തെപ്പറ്റി അറിയാമെന്നും അവർ മൊഴിനൽകി. ബന്ധുക്കളെയെല്ലാം നഷ്ടപ്പെട്ട കാര്യവും മരണത്തിനുമുമ്പ് അവരെല്ലാം താനുമായി ഫോണിൽ ബന്ധപ്പെട്ട കാര്യങ്ങളിലും മൊഴിനൽകി. റോയി മരിക്കുന്നതിനു മുമ്പ് ചോറും കടലക്കറിയും കഴിച്ച കാര്യവും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സംശയം തോന്നിയിരുന്നതായും മൊഴി നൽകി.

മേയ്18 വരെ തുടർച്ചയായി സാക്ഷിവിസ്താരം നടത്താനാണ് തീരുമാനം. അഡ്വ. പി. കുമാരൻകുട്ടി, അഡ്വ. രാജേഷ്, അഡ്വ. കെ. സഫൽ, അഡ്വ. ഹിജാസ് അഹമ്മദ്, പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. സുബാഷ് എന്നിവരാണ് കേസിൽ ഹാജരാവുന്ന മറ്റ് അഭിഭാഷകർ.

മൊത്തം 158 സാക്ഷികളെയാണ് വിസ്തരിക്കുന്നത്. മുഖ്യപ്രതി പൊന്നാമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി, സയനൈഡ് നൽകിയെന്ന് ആരോപണമുയർന്ന ജ്വല്ലറി ജീവനക്കാരൻ മഞ്ചാടിയിൽ എം.എസ്. മാത്യു എന്ന ഷാജി, സ്വർണപ്പണിക്കാരൻ പ്രജികുമാർ, വ്യാജ ഒസിയത്ത് നിർമിച്ചെന്ന് കുറ്റം ചുമത്തിയ മനോജ് കുമാർ എന്നിവരാണ് കേസിൽ പ്രതികൾ.

Tags:    
News Summary - Koodthai Massacre: All Deaths in Jolly's Presence, Testimony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.