കോട്ടയം: നഗരമധ്യത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതും മർദിച്ചുകൊന്നതും പൊലീസിന്‍റെയും ഉന്നതാധികാരികളുടെയും മൂക്കിനുതാഴെ. കലക്ടറേറ്റ്, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ, എസ്.പി ഓഫിസ്, ക്രൈംബ്രാഞ്ച് ഓഫിസ്, പൊലീസ് ക്വാർട്ടേഴ്സ്, വിജിലൻസ് ഓഫിസ്, പൊലീസ് ക്ലബ്, എ.ആർ ക്യാമ്പ്, ജയിൽ തുടങ്ങി നിരവധി സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന അതിസുരക്ഷാമേഖലയിലാണ് സംഭവം നടന്നത്. എ.ആർ ക്യാമ്പ് പരിസരത്തുനിന്നാണ് ഷാനിനെ തട്ടിക്കൊണ്ടുപോയത്. എസ്.പി ഓഫിസിൽനിന്ന് ഒരു കി.മീ. മാത്രമാണ് ഇങ്ങോട്ടുള്ള ദൂരം.
ഞായറാഴ്ച രാത്രി ഒമ്പതരക്ക് ഷാനിനെ തട്ടിക്കൊണ്ടുപോയിട്ടും നഗരത്തിലെമ്പാടും സജീവമായിരുന്ന പൊലീസ് അറിഞ്ഞില്ല. ഷാനിന്‍റെ മാതാവ് രാത്രി ഒന്നരക്കാണ് മകനെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. അപ്പോൾ മുതൽ നഗരത്തിൽ തലങ്ങും വിലങ്ങും വാഹനപരിശോധന നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
എന്നിട്ടും ഇതിനിടയിലൂടെ ഷാനിനെ ചുമന്ന് പ്രതി സ്റ്റേഷനിൽ കൊണ്ടുവന്നിട്ട് കൊലവിളി നടത്തിയപ്പോൾ മാത്രമാണ് പൊലീസ് വിവരമറിയുന്നത്. മറ്റേതൊരു നഗരത്തേക്കാളും രാത്രി പരിശോധന കൂടുതലുള്ള സ്ഥലമാണ് കോട്ടയം. പലതവണ പൊലീസ് പരിശോധന കഴിഞ്ഞാണ് വാഹനയാത്രികർക്ക് കടന്നുപോകാനാവുക. ഇതിനെതിരെ വ്യാപകപരാതിയും പതിവാണ്. ഇത്രയധികം പരിശോധന നടത്തിയിട്ടും നഗരത്തിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് മാഫിയ, ഗുണ്ട ആക്രമണങ്ങളും കൊലപാതകങ്ങളും കുറവില്ല.
കങ്ങഴയില്‍ യുവാവിനെ പട്ടാപ്പകല്‍ ഓടിച്ചിട്ട് കൊലപ്പെടുത്തി കാല്‍പാദം വെട്ടിയെടുത്ത് കവലയിൽവെച്ചത് അടുത്തിടെയാണ്. ഗുണ്ട സംഘങ്ങളുടെ കുടിപ്പകയായിരുന്നു അതിനുപിന്നിലും. ജില്ലയിലെ പല കേന്ദ്രങ്ങളും കഞ്ചാവ് മാഫിയയുടെ കീഴിലാണ്. ഇവർ തമ്മിൽ സംഘട്ടനങ്ങളും പതിവാണ്.
ഷാൻ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ജോമോൻ കാപ്പ ചുമത്തി ജില്ലയിൽനിന്ന് നാടു കടത്തപ്പെട്ടയാൾ. നവംബർ 19നാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജില്ല പൊലീസ് മേധാവി നാടുകടത്തിയത്. എന്നാൽ, അപ്പീൽ കമ്മിറ്റിയിൽ ഇളവുതേടി ഡിസംബറിൽ തിരിച്ചെത്തി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ, പ്രായമുള്ള അമ്മ വീട്ടിൽ ഒറ്റക്കാണെന്നും താനാണ് വീടിന്‍റെ ഏക ആശ്രയം എന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് അപ്പീൽ പോയത്. പ്രതിയുടെ കേസ് വിവരങ്ങൾ കൃത്യമായി അപ്പീൽ കമ്മിറ്റിയെ അറിയിച്ചിരുന്നെങ്കിൽ ഇളവ് ലഭ്യമാകില്ലായിരുന്നു.
ഇക്കാര്യത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്. കൂടുതൽ ശക്തമായ വകുപ്പു ചുമത്തിയിരുന്നെങ്കിൽ പ്രതിക്ക് ഇളവു ലഭിക്കില്ലായിരുന്നുവെന്ന് സ്റ്റേഷനിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കുറ്റപ്പെടുത്തി. അതേസമയം എല്ലാ വിവരങ്ങളും നൽകിയാണ് കാപ്പ ചുമത്തിയതെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് ജില്ല പൊലീസ് മേധാവി ഡി. ശിൽപ പറയുന്നത്. ശനിയാഴ്ചകളിൽ കോട്ടയം ഡിവൈ.എസ്.പി ഓഫിസിൽ എത്തി ഒപ്പിടണമെന്ന ഉപാധിയോടെയാണ് പ്രതിക്ക് ഇളവ് അനുവദിച്ചത്.
ഓട്ടോ ഡ്രൈവറായി നഗരത്തിലെത്തിയ പ്രതി കേഡി ജോമോനെന്ന പേരില്‍ ക്രിമിനല്‍ സംഘങ്ങളുടെ നേതൃത്വത്തിലേക്ക് വളര്‍ന്നത് രാഷ്ട്രീയക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും തണലിലാണ്. മാസങ്ങൾക്കുമുമ്പ് നഗരമധ്യത്തിൽ റെയിൽവേ സ്‌റ്റേഷനിൽനിന്ന് ഓട്ടം വിളിച്ചുകൊണ്ടുപോയി യുവാവിനെ ആക്രമിച്ചു പണവും സ്വർണവും തട്ടിയെടുത്ത കേസിൽ പ്രതിയായിരുന്നു. ഈ കേസിൽ റിമാൻഡ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും അക്രമം നടത്തി. ഈ കേസിനു പിന്നാലെയാണ് കാപ്പ ചുമത്താൻ നടപടി സ്വീകരിച്ചത്.
എസ്.പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഐ.ജിയാണ് ഇയാളെ നാടുകടത്തിയത്. കോട്ടയം ഈസ്റ്റ് , അയർക്കുന്നം സ്റ്റേഷനുകളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭവനഭേദനം, ന്യായവിരുദ്ധമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. പണം ആവശ്യപ്പെട്ട് കൊച്ചിയിലെ ലുലുമാൾ ബോംബുവെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ്.
കോട്ടയത്തെ കുന്നത്തുകളത്തില്‍ ജ്വല്ലറിയിലെ കവര്‍ച്ചകേസിലെ പ്രതിയും ജോമോനും ചേര്‍ന്നാണ് അന്ന് ഭീഷണി മുഴക്കിയത്. ആ കേസിൽ ഇടപ്പള്ളി പൊലീസ് ഇരുവരെയും അറസ്റ്റ്ചെയ്തിരുന്നു. ഏതാനും നാളുകളായി ടി.ബി. റോഡില്‍ ജോമോന്‍റെ നേതൃത്വത്തില്‍ തട്ടുകട നടത്തുന്നുണ്ട്. ഇതിനോടുചേർന്ന കടമുറിയിലാണ് താമസം. രാത്രി തട്ടുകട, ഓട്ടോ ഡ്രൈവര്‍ വേഷങ്ങളില്‍ നഗരത്തിലെത്തുന്ന ജോമോന്‍, ലഹരി ഇടപാടുകളിലെ കണ്ണിയാണെന്ന് സംശയമുണ്ട്. നഗരത്തിലും കോടിമതയിലുമായി നിരവധി യുവാക്കള്‍ ഇയാളുടെ സംഘത്തില്‍ അംഗങ്ങളാണ്.
കോട്ടയം വിമലഗിരി ഉറുമ്പിയത്ത് വീട്ടിൽ പൊന്നമ്മയുടെ മകൻ ഷാൻ ബാബുവിന്റെ (19) മരണകാരണം തലക്കുള്ളിലെ രക്തസ്രാവമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പുറമേക്ക് മാരക പരിക്കുകളില്ല. മർദനമേറ്റതിന്‍റെ പാടുകൾ മാത്രമാണുള്ളത്. തലയോട്ടിക്ക് പൊട്ടലില്ല. മർദനത്തിനിടയിൽ തല എവിടെയെങ്കിലും ഇടിക്കുകയോ തലയടിച്ച് താഴെ വീഴുകയോ ചെയ്തതിനെതുടർന്നാകാം തലക്കുള്ളിൽ രക്തസ്രാവമുണ്ടായത്.
വീടിന് സമീപത്തുനിന്നാണ് ഇയാളെ ഗണ്ടസംഘം തട്ടിക്കൊണ്ടുപോയയത്. തുടർന്ന് അടിച്ചുകൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിടുകയായിരുന്നു. കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയ, നഗരത്തിലെ ഗുണ്ട ലിസ്റ്റിലുൾപ്പെട്ട മുട്ടമ്പലം കൊതമന വീട്ടിൽ ജോമോൻ കെ. ജോസിനെ (കേഡി ജോമോൻ -40) അറസ്റ്റ് ചെതിട്ടുണ്ട്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരും കസ്റ്റഡിയിലാണ്. കേസിൽ അഞ്ച് പ്രതികളാണുള്ളത്. പ്രതികളെ സഹായിച്ച 13 പേരും കസ്റ്റഡിയിലുണ്ട്. തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച പുലർച്ച 3.30ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് നഗരത്തെ നടുക്കിയ സംഭവം. ഷാന്‍റെ ശരീരം ചുമന്ന് ജോമോൻ സ്റ്റേഷന് മുറ്റത്ത് കൊണ്ടുവന്നിടുകയും താനൊരാളെ കൊന്നുവെന്ന് പൊലീസുകാരോട് വിളിച്ചു പറയുകയും ചെയ്തു. കഞ്ചാവിന്‍റെ ലഹരിയിൽ സ്റ്റേഷനുമുന്നിൽ കൊലവിളി മുഴക്കിനിന്ന പ്രതിയെ പൊലീസുകാർ അനുനയിപ്പിച്ച് പിടികൂടുകയായിരുന്നു. തുടർന്ന് ഷാൻ ബാബുവിനെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഞായറാഴ്ച രാത്രി ഒമ്പതരയോടെ വീടിനടുത്ത് രണ്ടു സുഹൃത്തുക്കൾക്കൊപ്പം റോഡിൽ നിന്നിരുന്ന ഷാനെ അഞ്ചംഗ സംഘം ഓട്ടോറിക്ഷയിലെത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. സുഹൃത്തുക്കൾ പേടിച്ച് ഓടിരക്ഷപ്പെട്ടു. ഓട്ടോയിൽവെച്ച് ഷാനിനെ ക്രൂരമായി മർദിച്ചു. കളത്തിപ്പടിയിലെ ആനത്താനത്തെ ഗ്രൗണ്ടിലെത്തിച്ച് എല്ലാവരും ചേർന്ന് വീണ്ടും മർദിച്ചു. തുടർന്ന് യുവാവിനെ എടുത്ത് ഓട്ടോയിലിട്ട് ഈസ്റ്റ് പൊലീസ് സ്റ്റേഷനരികിലെത്തി.
സ്റ്റേഷന് പിന്നിൽ ജോമോനെ ഇറക്കി മറ്റുള്ളവർ പോയി. അവിടെനിന്ന് മൃതദേഹം ചുമലിലേറ്റി ജോമോൻ സ്റ്റേഷനിലെത്തുകയായിരുന്നു. മാരക മയക്കുമരുന്ന് കഴിച്ചാണ് ഇവർ കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ലഹരിയിലായിരുന്ന ജോമോൻ സ്റ്റേഷനകത്തും അക്രമം കാണിച്ചു. ഷാനെ കാണാതായതിനെ തുടർന്ന് രാത്രി ഒന്നരക്ക് അമ്മയും സഹോദരിയും ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അന്വേഷണം നടക്കുന്നതിനിടയിലാണ് സംഭവം.
പ്രതിയെ കാപ്പ ചുമത്തി നവംബർ 19നാണ് ജില്ലയിൽനിന്ന് പുറത്താക്കിയത്. ഇളവുനേടി ജനുവരി എട്ടിന് ജില്ലയിലെത്തി. കുറച്ചുകാലം സജീവമല്ലാതിരുന്നതോടെ തന്‍റെ പ്രാധാന്യം നഷ്ടപ്പെട്ടെന്ന് തോന്നിയ പ്രതി തന്‍റെ അധികാരം വീണ്ടും ഉറപ്പിക്കുന്നതിന് മറ്റൊരു ഗുണ്ടയായ ശരത്രാജ് എന്ന സൂര്യനെ വെല്ലുവിളിച്ചിരുന്നു. സൂര്യനുമൊന്നിച്ചുള്ള ഷാനിന്‍റെ ഫോട്ടോ ഫേസ്ബുക്കിൽ കണ്ടതിനെത്തുടർന്ന് ഇവർ തമ്മിൽ ബന്ധമുണ്ടെന്ന് കരുതി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
സൂര്യനെ കണ്ടെത്താനാണ് തട്ടിക്കൊണ്ടുപോയതെന്നും കൊല്ലാൻ ഉദ്ദേശമില്ലായിരുന്നു എന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇവർ സഞ്ചരിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. മരിച്ച ഷാനിനെതിരെ കേസുകളൊന്നും നിലവിലില്ലെന്ന് എസ്.പി ഡി. ശിൽപ അറിയിച്ചു. ഷാന്‍റെ സഹോദരി: ഷാരോൺ ബാബു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കൾക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.