കേളകം: മണത്തണ കരിമ്പന ഗോപുരത്തിൽനിന്നും ഭണ്ഡാര ഘോഷയാത്ര ഉത്സവ നഗരിയിലെത്തിയതോടെ കൊട്ടിയൂർ പെരുമാൾ സന്നിധിയിൽ വൈശാഖ മഹോത്സവ നിത്യപൂജകൾക്ക് തുടക്കമായി. ഗോപുരത്തിലെ നിലവറകളിൽ സൂക്ഷിച്ചിരുന്ന ഭണ്ഡാരങ്ങളും തിരുവാഭരണവും എഴുന്നള്ളിച്ചുള്ള ഘോഷയാത്രയെ അനുഗമിച്ചത് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നിശ്ചിത ആളുകൾ മാത്രമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തരുടെ സാന്നിധ്യമില്ലാതെ അർധ രാത്രിയോടെയാണ് ഭണ്ഡാര ഘോഷയാത ഉത്സവ നഗരിയിലെത്തിയത്.
വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ഭണ്ഡാര ഘോഷയാത്ര മണത്തണയിൽനിന്ന് കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്. പുരാതന ക്ഷേത്ര നഗരിയായി മണത്തണയിലെ കരിമ്പന ഗോപുരത്തിലെ നിലവറകളിൽ സൂക്ഷിച്ചിരുന്ന സ്വർണ വെള്ളി പാത്രങ്ങളും പൂജാ സാമഗ്രികളും ഭണ്ഡാരങ്ങളും പുറത്തെടുത്ത് അവ കൊട്ടിയൂരിലെത്തിക്കാൻ അവകാശികൾക്ക് കൈമാറിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള കൊട്ടിയൂരിനെ ലക്ഷ്യമാക്കി ഘോഷയാത്ര പുറപ്പെടുമ്പോൾ പ്രദേശം മന്ത്രമുഖരിതമായി.
കോവിഡ് പശ്ചാത്തലത്തിൽ 10 പേർക്കാണ് ഭണ്ഡാരം എഴുന്നള്ളത്തിന് ജില്ല ഭരണകുടം അനുമതി നൽകിയത്. പേരാവൂർ, കേളകം സി.ഐമാരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കിയിരുന്നു. അക്കരെ കൊട്ടിയൂരിലേക്ക് കുടയെഴുന്നള്ളത്തും നടന്നു. അക്കരെ ക്ഷേത്രത്തിലെ അമ്മാറക്കൽ തറയിലും മുത്തപ്പൻ ദേവസ്ഥാനത്തും സ്ഥാപിക്കാനുള്ള വലിയ കുടകളാണ് കുന്നുമ്മൽ കണ്ണി പത്മനാഭൻ കാൽനടയായി കൊട്ടിയൂരിലെത്തിച്ചത്.
ഊരാളന്മാർക്കും അടിയന്തരക്കാർക്കും ഉപയോഗിക്കുന്നതിനുള്ള കുടകളും നിർമിച്ചു. 14 തലക്കുടയും 16 കാൽക്കുടയുമാണ് നിർമിച്ചത്. ഇവ ഭണ്ഡാരമെഴുന്നള്ളത്തിനൊപ്പം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്കെത്തിച്ചു. ഈ ഉത്സവകാലത്തെ ആദ്യ ആരാധനയായ തിരുവോണം ആരാധന 10ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.