മലപ്പുറം: കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടത് പ്രിയപ്പെട്ട സഹപാഠിയെയും സുഹൃത്തിനെയുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യയില്‍ ഒരേ ക്ളാസിലായിരുന്നു ഞങ്ങള്‍ പഠിച്ചത്. പഠിപ്പിക്കുന്നത് പെട്ടെന്നുള്‍ക്കൊള്ളാനുള്ള കഴിവുണ്ടായിരുന്നു. ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി നിര്‍വഹിക്കാനായി. മത-സാമൂഹിക രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. സമസ്തക്കും മുസ്ലിം ലീഗിനും വിയോഗം തീരാനഷ്ടമാണെന്നും തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു
തിരുവനന്തപുരം: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സുപ്രഭാതം ദിനപത്രം ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കെ.ടി. ജലീല്‍, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവര്‍ അനുശോചിച്ചു.
കനത്ത നഷ്ടം–എം.ഐ. അബ്ദുല്‍ അസീസ്
കോഴിക്കോട്: മതപണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണം സമസ്തക്കും കേരള മുസ്ലിം സമൂഹത്തിനും വലിയ നഷ്ടമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. സംഘടന നേതൃത്വത്തിനു പുറമെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലും അദ്ദേഹം വിലപ്പെട്ട സേവനമാണ് നിര്‍വഹിച്ചത്. കര്‍മനൈരന്തര്യംകൊണ്ടും അദ്ദേഹത്തിന്‍െറ ജീവിതം മികച്ച മാതൃകയാണ്. മുസ്ലിം സംഘടനകള്‍ക്കിടയിലെ ഐക്യശ്രമങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മഹദ്വ്യക്തിത്വമാണ് കോട്ടുമല ബാപ്പു മുസ്ലിയാര്‍ എന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.
കോഴിക്കോട്: ബാപ്പു മുസ്ലിയാരുടെ നിര്യാണത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. പാണ്ഡിത്യത്തിനനുയോജ്യമായ വിനയവും അദ്ദേഹത്തെ വേറിട്ട വ്യക്തിത്വമാക്കിയെന്നും മജീദ് ഫൈസി അനുസ്മരിച്ചു.
‘വിലപ്പെട്ട സേവനങ്ങള്‍’
കോട്ടയം: ഹജ്ജ് കമ്മിറ്റി ചെയര്‍മാനും പ്രമുഖ ഇസ്ലാം പണ്ഡിതനുമായ കോട്ടമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തില്‍ ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ് അനുശോചിച്ചു. മാനവരാശിയുടെ പുരോഗതിക്ക് നിഷ്ഠയോടു കൂടിയ ഇസ്ലാം ജീവിതരീതിയുടെ പ്രാധാന്യം പഠിപ്പിച്ച പ്രതിഭാധനനായ പണ്ഡിതനായിരുന്നു അദ്ദേഹം. വെല്ലുവിളികളെ സമചിത്തതയോടെ നേരിടാന്‍ ഒരു സമൂഹത്തിനു കരുത്ത് നല്‍കിയ അദ്ദേഹത്തിന്‍െറ സേവനങ്ങള്‍ വിലപ്പെട്ടതായിരുന്നുവെന്ന് പി.സി. ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.