തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ വാക്സിൻ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ ഭരണ-പ്രതിപക്ഷ ബഹളം. കോവിഡ് പ്രതിരോധ പ്രവർത്തകരെ ഇകഴ്ത്തി കാണിക്കാൻ പ്രതിപക്ഷ ശ്രമമെന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ പരാമർശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഭരണപക്ഷം ഏറ്റുപിടിച്ചതോടെ നിയമസഭ ബഹളത്തിൽ കലാശിച്ചത്.
സംസ്ഥാന സർക്കാർ കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസിൽ നൽകിയ ഡോ. എം.കെ. മുനീർ ആരോപിച്ചു. മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. വാക്സിൻ ക്ഷാമവും ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. അനിയന്ത്രിതമായ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നുവെന്നും വാക്സിൻ അപര്യാപ്ത മൂലം ഗുരുതര സാഹചര്യം നിൽനിൽക്കുന്നത്. വാക്സിനേഷന് പത്തനംതിട്ടക്ക് കൂടുതൽ പരിഗണന നൽകുന്നുവെന്നും മുനീർ ആരോപിച്ചു.
രണ്ടാം തരംഗത്തിൽ അപകടരമായ അവസ്ഥ നിലനിൽക്കുന്നുണ്ട്. ഏത് വകഭേദം കാരണമാണ് മരണം സംഭവിക്കുന്നതെന്ന് കണ്ടെത്താൻ ശാസ്ത്രീയ സംവിധാനം വേണം. മൂന്നം തരംഗത്തിൽ കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. പീഡിയാട്രിക് ഐ.സി.യുവും വെന്‍റിലേറ്ററും സജ്ജീകരിക്കണം. പോരായ്മകൾ ചൂണ്ടിക്കാട്ടുമ്പോൾ മറ്റൊരു തരത്തിൽ കാണരുതെന്നും എം.കെ. മുനീറും ചൂണ്ടിക്കാട്ടി.
മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അസത്യമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് സഭയിൽ മറുപടി നൽകി. ദേശീയ ശരാശരിയെക്കാൾ സംസ്ഥാനത്ത് മരണനിരക്ക് കുറവാണ്. എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകണമെന്നതാണ് സർക്കാറിന്‍റെ നയം. വാക്സിന്‍റെ കാര്യത്തിൽ കേന്ദ്രത്തിന്‍റേത് തെറ്റായ സമീപനമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കോവിഡിനെതിരെ സ്വീകരിച്ചത് ശാസ്ത്രീയ ഇടപെടലാണ്. ലോകത്തിന് മാതൃകയാണ് കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ. ഏപ്രിൽ പകുതിയോടെയാണ് രണ്ടാം തരംഗം ആരംഭിച്ചത്. മരണനിരക്ക് കുറക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു. ആരോഗ്യ സംവിധാനങ്ങൾ കൂട്ടായ പ്രവർത്തനമാണ് നടത്തിയത്. കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്നത് വാസ്തവ വിരുദ്ധമാണ്. ആരോഗ്യ പ്രവർത്തകരുടെ ശ്രമങ്ങളെ ഇകഴ്ത്തി കാണിക്കാൻ പ്രതിപക്ഷം ശ്രമിക്കരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിരോധ രംഗത്തുള്ള ആരോഗ്യ പ്രവർത്തകരെ ഇകഴ്ത്തി കാണിക്കാൻ പ്രതിപക്ഷ ശ്രമമെന്ന ആരോഗ്യ മന്ത്രിയുടെ പരാമർശം സഭയിൽ ഭരണ-പ്രതിപക്ഷ ബഹളത്തിൽ കലാശിച്ചു. ഈ പരാമർശം ആരോഗ്യ മന്ത്രിയും പ്രതിപക്ഷവും നേർക്കുനേർ ഏറ്റുമുട്ടലിൽ എത്തിച്ചു.
കോവിഡ് വിവാദമാക്കാൻ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്നും സർക്കാറിനെയോ ആരോഗ്യ പ്രവർത്തകരെയോ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ആരോഗ്യ മന്ത്രി തെറ്റായ പരാമർശം പിൻവലിക്കമെന്ന് സതീശൻ ആവശ്യപ്പെട്ടു. കോവിഡ് വിഷയത്തിൽ പ്രതിപക്ഷം നിരുപാധിക പിന്തുണയാണ് നൽകിയിട്ടുള്ളത്. ഒരുമിച്ച് നിൽകേണ്ട സമയമാണ്. അല്ലെങ്കിൽ സംസ്ഥാനത്ത് അരാഷ്ട്രീയ സാഹചര്യമുണ്ടാകുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഒരു പ്രഫഷനൽ ഡോക്ടർ എന്ന നിലയിലാണ് എം.കെ. മുനീർ കാര്യങ്ങൾ വിശദീകരിച്ചതെന്ന് മുസ് ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്‍റെ സഹകരണം വേണ്ടെന്ന നിലയിലാണ് ആരോഗ്യ മന്ത്രി സംസാരിക്കുന്നത്. മന്ത്രിക്ക് പ്രതിപക്ഷത്തിന്‍റെ സഹകരണം വേണ്ടെങ്കിലും ജനങ്ങൾക്ക് വേണ്ടി സർക്കാറിന് പ്രതിപക്ഷത്തിന്‍റെ സഹകരണം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ജനങ്ങൾ വലിയ ആശങ്കയിലാണെന്നും ജനപ്രതിനിധികൾ ഇടപെട്ടിട്ട് പോലും ആശുപത്രികളിൽ സൗകര്യം ലഭിക്കുന്നില്ല. മൂന്നാം ഘട്ടത്തെ നേരിടാൻ സർക്കാർ കൂടുതൽ സംവിധാനങ്ങൾ ഒരുക്കണം. ഒരു കുട്ടി പോലും ചികിത്സ കിട്ടാതെ മരിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഐ.സി.എം.ആറിന്‍റെ മാനദണ്ഡ പ്രകാരമല്ലാതെയാണോ മരണനിരക്ക് കണക്കൂകൂട്ടുന്നതെന്ന ചോദ്യവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. കോവിഡിന്‍റെ സാമ്പത്തിക സാഹചര്യം കൂടി പരിഗണിച്ച് വേണം ബജറ്റ് അവതരിപ്പിക്കാനെന്നും സർക്കാറിനോട് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ആരോഗ്യ മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. എന്നാൽ, കോവിഡുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സഭയിൽ നിന്ന് ഇറങ്ങിപ്പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.