ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളം പൂർണതോതിൽ പ്രവർത്തനക്ഷമമാക്കുന്നതിൽ പ്രധാന തടസ്സം നിരപ്പായ ഭൂമി കിട്ടാത്തതാണെന്ന് ലോക്സഭയിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വൈഡ് ബോഡി വിമാനങ്ങൾ സുരക്ഷിതമായി ഇറക്കാൻ പാകത്തിൽ കോഴിക്കോട് വിമാനത്താവള റൺവേയുടെ നീളം കൂട്ടാൻ 18.5 ഏക്കർ നിരപ്പായ ഭൂമി ആവശ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ഭൂമി ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട എം.പിമാർ മുൻകൈയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സുരക്ഷയുടെ കാര്യത്തിൽ കുറുക്കുവഴികളോ വിട്ടുവീഴ്ചയോ പറ്റില്ല. കോഴിക്കോട് വിമാന ദുരന്തം എല്ലാവർക്കും അറിയുന്നതാണ്. നിർഭാഗ്യകരമായ സംഭവത്തിന്റെ കാരണങ്ങളെക്കുറിച്ച് പഠിച്ച ഫാലി നരിമാൻ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടുണ്ട്. വൈഡ് ബോഡി വിമാനങ്ങൾ ഇറങ്ങുന്നതിന് റൺവേ നീളം കൂട്ടണമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത് -മന്ത്രി പറഞ്ഞു. വ്യോമയാന മന്ത്രാലയ ധനാഭ്യർഥന ചർച്ച ഉപസംഹരിക്കുകയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.