കരിപ്പൂർ: ലോക്ഡൗണിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളുടെ ആദ്യസംഘം വ്യാഴാഴ്ചയെത്തും. ദുബൈയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 10.30ഓടെയാണ് കരിപ്പൂരിലെത്തുക. വ്യാഴാഴ്ച എത്തേണ്ട റിയാദ് വിമാനം വെള്ളിയാഴ്ചയിലേക്ക് പുനഃക്രമീകരിച്ചു. മലപ്പുറം ഉൾപ്പെടെ ഒമ്പത് ജില്ലകളിൽനിന്നുള്ള 189 പേരാണ് ആദ്യ വിമാനത്തിൽ. േമയ് 11ന് ബഹ്ൈറനിൽനിന്നും 13ന് കുവൈത്തിൽനിന്നും കരിപ്പൂരിേലക്ക് സർവിസുണ്ട്.
അബൂദബിയില്‍നിന്ന് കൊച്ചിയിലെത്തുന്ന വിമാനത്തില്‍ 23 മലപ്പുറം സ്വദേശികളുണ്ട്. ഇവരെ ജില്ലയിലെത്തിക്കാൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവാസികളെത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് കലക്ടര്‍ ജാഫര്‍ മലിക്, ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍കരീം, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവുമായി ചര്‍ച്ച നടത്തി.
കുടിവെള്ളം, ലഘുഭക്ഷണം, വിശ്രമിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കി. പ്രത്യേക വിമാനത്തില്‍ എത്തുന്നവരെ പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.
ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ഥം കോവിഡ് കെയര്‍ സെൻറുകളിലേക്ക് മാറ്റും. മറ്റു ജില്ലകളിലേക്കുള്ളവരില്‍ പ്രത്യേകിച്ച് രോഗലക്ഷണങ്ങളില്ലാത്തവരെ ടാക്സി വാഹനങ്ങളിലോ കെ.എസ്.ആര്‍.ടി.സി ബസുകളിലോ അതത് ജില്ല അധികൃതര്‍ക്ക് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിയ ശേഷം കൊണ്ടുപോകും.
വീടുകളിലേക്ക് വിടുക ഇവരെ മാത്രം
രോഗലക്ഷണങ്ങളില്ലാത്തവരും ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നെഗറ്റിവ് ആയവരുമായ ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെയുള്ളവര്‍, പ്രായാധിക്യത്താല്‍ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍, അടുത്ത ബന്ധുവിെൻറ മരണം, അടുത്ത ബന്ധുക്കള്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിവരെ കര്‍ശന വ്യവസ്ഥകളോടെയും നിരന്തര ആരോഗ്യ നിരീക്ഷണം ഏര്‍പ്പെടുത്തിയും വീടുകളില്‍ പോകാന്‍ അനുവദിക്കും. തിരിച്ചെത്തുന്നവരെല്ലാം ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.
കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിമാനത്താവള അതോറിറ്റി, സി.ഐ.എസ്.എഫ്, എമിഗ്രേഷന്‍, കസ്റ്റംസ്, മറ്റ് ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികളും ആരോഗ്യം, പൊലീസ്, റവന്യൂ, മോട്ടോര്‍ വാഹനം ഉൾപ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ് എന്നിവർ കരിപ്പൂരിലും ഹജ്ജ് ഹൗസിലും സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.
ആദ്യ വിമാനത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ളവർ:
മലപ്പുറം - 82, പാലക്കാട് - 8, കോഴിക്കോട് - 70, വയനാട് - 15, കണ്ണൂര്‍ - 6, കാസര്‍കോട് - 4, കോട്ടയം - 1, ആലപ്പുഴ - 2, തിരുവനന്തപുരം -1.
എയർപോർട്ടിലെ നടപടിക്രമങ്ങൾ:
-എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തുന്നവർ എയ്റോബ്രിഡ്ജിലൂടെ െടർമിനലിലേക്ക്.
-ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ വിവരശേഖരണം.
-വിമാനത്താവളത്തിൽ സജ്ജമാക്കിയ രണ്ട് തെർമൽ സ്കാനറുകളിലൂടെ ആരോഗ്യപരിശോധന.
-രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ മാറ്റിനിർത്തും.
-ബാക്കിയുള്ളവരെ 20 മുതൽ 30 പേരടങ്ങുന്ന സംഘങ്ങളായി തിരിക്കും.
-നിരീക്ഷണത്തിൽ കഴിയുന്നത് സംബന്ധിച്ച് ചെറിയ ബോധവത്കരണം.
-ശേഷം ടെർമിനലിൽ വിശ്രമം.
-സാമൂഹിക അകലം പാലിച്ച് എമിഗ്രേഷൻ, കസ്റ്റംസ് പരിശോധന.
-ബാഗേജ് എടുക്കാനും കസ്റ്റംസ് പരിശോധനയും. തുടർന്ന് ടെർമിനലിന് പുറത്തേക്ക്.
-രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.