കോഴിക്കോട്: നിപ സംശയിക്കുന്ന അസ്വാഭാവിക പനി ബാധിച്ച് മരിച്ച രണ്ടുപേരും ആശുപത്രിയിലും മറ്റ് സ്ഥലങ്ങളിലും ഒന്നിച്ചുണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഏതാണ്ട് ഒരു മണിക്കൂറോളം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. മറ്റ് ചില സ്ഥലങ്ങളിലും ഇവർ ഒരേസമയം ഉണ്ടായിരുന്നെന്ന് വ്യക്തമായതായി മന്ത്രി പറഞ്ഞു.
ആഗസ്റ്റ് 30നാണ് ആദ്യത്തെയാൾ മരിച്ചത്. സെപ്റ്റംബർ 11ന് രാത്രിയാണ് രണ്ടാമത്തെയാൾ മരിച്ചത്. മരിച്ചവരുടെ നാല് ബന്ധുക്കളാണ് പനി ബാധിച്ച് ചികിത്സയിലുള്ളത്. ആദ്യം മരിച്ചയാൾക്ക് ലിവർ സിറോസിസ് ആണെന്നായിരുന്നു കരുതിയിരുന്നത്. ഇതിനാലാണ് അസ്വാഭാവിക പനി മരണത്തിന്‍റെ സംശയങ്ങൾ വരാതിരുന്നത്. ബന്ധുക്കൾക്ക് കൂടി പനി ബാധിച്ചതോടെയാണ് അസ്വാഭാവികത തോന്നിയത്. മരിച്ചയാളുടെ ഒമ്പതുകാരനായ മകൻ വെന്‍റിലേറ്ററിലാണ് ചികിത്സയിലുള്ളത്. 10 മാസം പ്രായമായ കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികൾ കൂടി ചികിത്സയിലുണ്ട്.
മരിച്ചവരുമായി അടുത്ത ബന്ധമുള്ള ഹൈ റിസ്ക് കോൺടാക്റ്റുകളെ കണ്ടെത്തുന്നതിനാണ് ആരോഗ്യവകുപ്പ് മുൻഗണന നൽകുന്നത്. ഇവരുടെ പ്രദേശങ്ങളിലെ പനിയുടെ സാഹചര്യത്തെ കുറിച്ചും, മുമ്പ് അസ്വാഭാവിക പനിമരണങ്ങളുണ്ടായോയെന്നും പരിശോധിക്കും. മുൻകാലങ്ങളിൽ നിപ ബാധയുണ്ടായപ്പോൾ സ്വീകരിച്ച പ്രോട്ടോകോൾ അനുസരിച്ചുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.