കേന്ദ്ര വിഹിതത്തിലെ കുറവ് വനിതാ ക്ഷേമ പദ്ധതികളെ ബാധിച്ചുവെന്ന് കെ.പി.രാജേന്ദ്രൻ

കാസർഗോഡ്: കഴിഞ്ഞ നാല് വർഷമായി കേരളത്തിന് കിട്ടേണ്ടതായ 63,000 കോടിയുടെ കേന്ദ്രവിഹിതത്തിലെ കുറവ് സ്ത്രീ തൊഴിലാളികളുടെ ക്ഷേമ പദ്ധതികളെ ഗുരുതരമായി ബാധിച്ചതായി എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ. മെയ് 29 മുതൽ ജൂൺ മൂന്ന് വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ വർക്കിംഗ് വിമൻസ് ഫോറം സംഘടിപ്പിക്കുന്ന സ്ത്രീ മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ജനങ്ങളെ സംസ്ഥാന സർക്കാരിനെതിരെ തിരിക്കാനുള്ള ലക്ഷ്യത്തോടെ ഇടതു പക്ഷ സർക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന ഹീനമായ നയങ്ങളാണ് കേന്ദ്രം പിന്തുടരുന്നത്. കേന്ദ്ര വിഹിതത്തിലെ ഭീമമായ കുറവ് സ്ത്രീ തൊഴിലാളികളുടെ  ക്ഷേമ പദ്ധതികളെയും, സ്ത്രീകൾക്ക് പ്രാതിനിധ്യമുള്ള തൊഴിലുറപ്പു മേഖലയേയും, പാചക തൊഴിലാളിളുടെ വേതനത്തേയും, ക്ഷേമ പെൻഷനുകളേയും സാരമായി ബാധിച്ചു.

കേരളത്തിലെ ക്ഷേമ പെൻഷനുകളിലെ ഏറിയ പങ്കും സ്ത്രീകൾക്കാണ് കിട്ടുന്നത്. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ സ്ത്രീ സമൂഹത്തിന്റ ഉയർച്ചയ്ക്കായി നടപ്പാക്കണ്ട പദ്ധതികളെ ആകെ തകിടം മറിച്ചു. സ്ത്രീ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും, പൊതു ജനങ്ങളുടെയും, മാധ്യമങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരാനായാണ് സംസ്ഥാന തല ജാഥ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഏതൊരു സമൂഹത്തിന്റെയും പുരോഗതിയുടെ അടിസ്ഥാനം സമൂഹത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന പദവിയെ ആശ്രയിച്ചാണ്. തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, തുല്യ ജോലിക്ക് തുല്യവേതനം നൽകുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ സ്ത്രീകൾക്ക് ഇളവ് നൽകുക, സ്ഥലംമാറ്റത്തിന് പ്രത്യേക പരിഗണന നൽകുക, പാർലമെന്റിലും നിയമ സഭകളിലും സ്ത്രീ സംവരണം നടപ്പിലാക്കുക, തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും ശുചിമുറി സൗകര്യം നിർബന്ധമാക്കുക, ആശ അംഗനവാടി തുടങ്ങിയ സ്കീം വർക്കേഴ്സിനെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ടാണ് സ്ത്രീമുന്നേറ്റ ജാഥ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കാസർഗോഡ് നിന്ന് ആരംഭിച്ച് കണ്ണൂർ ജിലയിൽ എത്തിയ ജാഥയുടെ ജില്ലാ തല സമാപനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ തിങ്കളാഴ്ച നാലിന് പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഉദ്ഘാടനം ചെയ്തു.

ജാഥ ക്യാപ്റ്റൻ, വിമൻസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ.മല്ലിക, വൈസ് ക്യാപ്റ്റൻ സംഗീത ഷംനാദ്, ഡയറക്ടർ എം.എസ്. സുഗൈദകുമാരി, എ.ഐ.ടി.യു സി സ്റ്റേറ്റ് സെക്രട്ടറി എലിസബത്ത് അസ്സിസി, കവിതാ  രാജൻ, ഡോക്ടർ. സി. ഉദയകല മഹിതമൂർത്തി, ജുഗുനു യൂസഫ്, മീന സുരേഷ്, കാർഗോഡ് ജില്ലാ പ്രസിഡൻറ് യമുന, സെക്രട്ടറി ഗീത, സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബു, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി സി.പി മുരളി തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - KP Rajendran said that the decrease in central allocation has affected women's welfare projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.