തിരുവനന്തപുരം: കോൺഗ്രസ് അംഗത്വവിതരണം ഊർജിതമാക്കാൻ കെ.പി.സി.സി യോഗത്തിൽ തീരുമാനം. കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്‍റുമാരുടെയും ഓൺലൈനായി നടന്ന യോഗത്തിലാണ് തീരുമാനം. പാർട്ടിയുമായി ബന്ധമുള്ള പരമാവധി പേർക്ക് അംഗത്വം നൽകണമെന്നാണ് യോഗത്തിലെ ധാരണ. ഇതിനായി നേതാക്കൾ ഉൾപ്പെടെ വരുംദിവസങ്ങളിൽ സജീവമായി രംഗത്തിറങ്ങാനും തീരുമാനിച്ചു. പേപ്പർ അംഗത്വവിതരണത്തിന് ഫോട്ടോയും തെരഞ്ഞെടുപ്പ് കമീഷന്‍റെ തിരിച്ചറിയൽ രേഖയുടെ നമ്പറും നിർബന്ധമാക്കും. അതേസമയം, പാർട്ടി അംഗത്വവുമായി ബന്ധപ്പെട്ട് ഇതേവരെയുള്ള കണക്കുകൾ ചോർന്ന സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്‍റിനെ ചുറ്റിപ്പറ്റി നിൽക്കുന്നവരെയും കെ.പി.സി.സി ജീവനക്കാരെയും പുർണമായും വിശ്വസിക്കാനാവില്ലെന്ന് ചില ഭാരവാഹികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.
പാർട്ടിയിൽ ഡി.സി.സി മുതലുള്ള താഴേത്തട്ടിലെ പുനഃസംഘടന സംബന്ധിച്ച് അംഗത്വവിതരണം അവസാനിച്ച ശേഷം ഭാരവാഹികളുടെ യോഗം വീണ്ടും ചേർന്ന് തീരുമാനമെടുക്കും. സംഘടനാതെരഞ്ഞെടുപ്പ് ഷെഡ്യൂൾ എ.ഐ.സി.സി പ്രഖ്യഖാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പുനഃസംഘടന ഈ ഘട്ടത്തിൽ അസാധ്യമാണ്. അതിനാൽ തുടങ്ങിവെച്ച പുനഃസംഘടനയുടെ കാര്യത്തിൽ ഇനി എന്തുവേണമെന്ന് തീരുമാനിക്കുന്നതിനായിരിക്കും യോഗം ചേരുക. പ്രതിപക്ഷനേതാവിനെതിരെ ചിലർ ഐ.എൻ.ടി.യു.സിയെ ഇളക്കിവിട്ടുവെന്ന് ജന.സെക്രട്ടറി ജോസി സെബാസ്റ്റ്യൻ യോഗത്തിൽ കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം ചങ്ങനാശ്ശേരിയിൽ പ്രതിപക്ഷ നേതാവിനെതിരെ ഐ.എൻ.ടി.യു.സി സംഘടിപ്പിച്ച പ്രകടനത്തിൽ പാർട്ടിയുടെ ബ്ലോക്ക്തല നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തിട്ടുണ്ട്. അവർക്കെതിരെ നടപടി വേണമെന്നും ജോസി ആവശ്യപ്പെട്ടു. കോട്ടയം ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷിന്‍റെ പ്രവർത്തനങ്ങളിലെ വിയോജിപ്പും അവിടെനിന്നുള്ള കെ.പി.സി.സി ജന. സെക്രട്ടറിയായ ജോസി യോഗത്തിൽ പരസ്യമാക്കി. ആരുമായും കൂടിയാലോചനകൾ നടത്താതെ ഡി.സി.സി പ്രസിഡന്‍റ് സ്വന്തം നിലയിൽ മുന്നോട്ടുപോകുകയാണ്. പ്രതിപക്ഷനേതാവിനെ പങ്കെടുപ്പിച്ച് കെ-റെയിലിനെതിരെ കഴിഞ്ഞദിവസം യു.ഡി.എഫ് സംഘടിപ്പിച്ച യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നത് അനുചിതമാണെന്ന് ജോസി ചൂണ്ടിക്കാട്ടി. കോട്ടയം ജില്ല ചുമതലയുള്ള കെ.പി.സി.സി ജന.സെക്രട്ടറി എം.ജെ. ജോബും നാട്ടകം സുരേഷിന്‍റെ പ്രവർത്തനങ്ങളോടുള്ള വിയോജിപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.