കൊല്ലം: രണ്ടു വര്‍ഷം മുമ്പു കാണാതായ ചിന്നക്കട കുളത്തില്‍ പുരയിടത്തില്‍ കൃഷ്ണകുമാറിന്‍േറതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടത്തെി. ചിന്നക്കട പൈ ഗോഡൗണ്‍ വളപ്പിലെ സെപ്റ്റിക് ടാങ്കില്‍നിന്നാണ് താടിയെല്ലും തുടയെല്ലും വാരിയെല്ലും ഉള്‍പ്പെടെ ഭാഗങ്ങള്‍ കിട്ടിയത്. ചൊവ്വാഴ്ച രാവിലെ 8.30 നാണ് പൊലീസിന്‍െറ നേതൃത്വത്തില്‍ സെപ്റ്റിക് ടാങ്കില്‍ പരിശോധന നടത്തിയത്. 9.30 ഓടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടത്തെി.
പ്രതി ചിന്നക്കട ബംഗ്ളാവ് പുരയിടത്തില്‍ കൊമ്പന്‍ റോയ് എന്ന റോയ് വര്‍ഗീസുമായാണ് പൊലീസ് തെളിവെടുപ്പിന് എത്തിയത്. അസ്ഥികൂടവും തലയോട്ടിയും ശാസ്ത്രീയ പരിശോധന നടത്തിയാലേ കൊലപാതകം സ്ഥിരീകരിക്കാനാവൂ. 2014 നവംബര്‍ 11 നാണ് കൃഷ്ണകുമാറിനെ കാണാതായത്. അടുത്ത ദിവസമാണ് കൃഷ്ണകുമാറിനെ കൊലപ്പെടുത്തിയെന്ന് പൊലീസ് നല്‍കുന്ന വിവരം. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച മൃതദേഹം അടുത്ത ദിവസം ഗോഡൗണ്‍ വളപ്പിന്‍െറ തെക്കേപടിഞ്ഞാറേ മൂലയില്‍ ഉപയോഗശൂന്യമായ ടാങ്കില്‍ മറവു ചെയ്തെന്നാണ് റോയി മൊഴി നല്‍കിയത്. തലയോട്ടി ഒഴികെയുള്ള ഭാഗങ്ങളാണ് ഇവിടെനിന്നു കണ്ടെടുത്തത്.
ഒരു വര്‍ഷം മുമ്പ് മൃതദേഹ അവശിഷ്ടം ടാങ്കില്‍നിന്ന് മാറ്റിയതായി പൊലീസ് പറഞ്ഞു. കൃഷ്ണകുമാര്‍ കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കൃഷ്ണകുമാര്‍, പ്രതികളായ കൊമ്പന്‍ റോയി, കൊന്നേമുക്ക് മുരുകന്‍, പൂക്കാലി അയ്യപ്പന്‍ എന്നിവര്‍ക്കൊപ്പം മദ്യപിച്ച നഗരത്തിലെ ചുമട്ട് തൊഴിലാളി അന്‍സര്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായകമായത്. മറ്റു പ്രതികളായ പുള്ളിക്കട കോളനി നിവാസികളും ഓട്ടോ ഡ്രൈവര്‍മാരുമായ മരുകന്‍, അയ്യപ്പന്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി തമിഴ്നാട് ഉള്‍പ്പെടെ അന്വേഷണം വ്യാപിപ്പിച്ചു. കൃഷ്ണകുമാറിന്‍െറ തിരോധാനം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എ.സി.പി എ. അശോകന്‍, കൊല്ലം ആര്‍.ഡി.ഒയുടെ ചുമതലയുള്ള സബ് കലക്ടര്‍ ഡോ.എസ്. ചിത്ര, എഫ്.എസ്.എല്‍ കൊല്ലം സയന്‍റിഫിക് ഓഫിസര്‍ എം. ഹരിപ്രശാന്ത്, എ.സി.പിമാരായ റെക്സ് ബോബി അര്‍വിന്‍, ജോര്‍ജ് കോശി എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.