തിരുവനന്തപുരം: ചെയർമാനും സി.പി.എം. അനുകൂല ഓഫിസർമാരും തമ്മിലെ ഭിന്നത തുടരവെ സസ്പെൻഷൻ പിൻവലിച്ചവരുടെ തസ്തികകളിൽ നിയമനം നടത്തി കെ.എസ്.ഇ.ബി. സ്ഥാനക്കയറ്റ പട്ടികയിൽനിന്ന് സസ്പെൻഷനിലുള്ള സംസ്ഥാന സെക്രട്ടറിയെ ഒഴിവാക്കി. ഓഫിസർമാരുടെ സമരം പരിഹരിക്കാൻ ചർച്ച വിളിക്കുന്നതിനു തൊട്ടു മുമ്പാണ് തീരുമാനം. സസ്പെൻഷൻ പിൻവലിച്ചാലും നേതാക്കൾക്ക് പഴയ തസ്തികയിൽ നിയമനം ലഭിക്കില്ല. പുതിയ തസ്തികയിലേക്ക് പോകേണ്ടി വരും.
10 അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനീയർമാരെ എക്സിക്യുട്ടിവ് എൻജിനീയർമാരായി സ്ഥാനക്കയറ്റം നൽകിയും ഒമ്പത് എക്സി. എൻജിനീയർമാർക്ക് സ്ഥലംമാറ്റം നൽകിയുമാണ് ഉത്തരവ്. എക്സി. എൻജിനീയറുടെ സ്ഥാനക്കയറ്റ ലിസ്റ്റിൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബി. ഹരികുമാർ ഉൾപ്പെടേണ്ടതായിരുന്നു.
സംസ്ഥാന പ്രസിഡന്റ് ഡോ. എം.ജി. സുരേഷ്കുമാർ ബോർഡ് ആസ്ഥാനത്തെ പവർ സിസ്റ്റം എൻജിനീയറിങ് വിഭാഗത്തിൽ എക്സിക്യുട്ടിവ് എൻജിനീയറായിരുന്നു. ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തതോടെ വന്ന ഒഴിവിൽ സ്ഥാനക്കയറ്റം ലഭിച്ചു വന്ന പി.ആർ. ശ്രീകലയെ നിയമിച്ചു. തിരുവനന്തപുരം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടിവ് എൻജിനീയറായിരുന്ന ജാസ്മിൻ ബാനുവിനെയാണ് ആദ്യം സസ്പെൻഡ് ചെയ്തത്. അവധിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇവരുടെ ഒഴിവിൽ നെടുമങ്ങാട് ഇലക്ട്രിക്കൽ ഡിവിഷനിൽനിന്നു സ്ഥലംമാറി വരുന്ന എം. സുരേഷ്ബാബുവിനെ നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.