വൈദ്യുതി ഭവൻ വളയുമെന്ന് സമരക്കാർ, ആര് വളഞ്ഞാലും താൻ വളയില്ലെന്ന് ചെയർമാൻ; തർക്കം രൂക്ഷം

തിരുവനന്തപുരം: കെ.എസ്.ഇ.ബി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച വൈദ്യുതി ഭവൻ വളയൽ സമരത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ചെയർമാൻ ബി. അശോക് രംഗത്തെത്തിയതോടെ തർക്കം രൂക്ഷമായി. സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന ഉറച്ച നിലപാടിലാണ് ചെയർമാൻ. ഉപരോധ സമരത്തിന് അനുമതി നിഷേധിച്ച് ചെയർമാൻ ഇന്നലെ ഉത്തരവിറക്കിയിരുന്നു.

എന്നാൽ, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ജീവനക്കാർ വ്യക്തമാക്കുന്നത്. ഇന്ന് ആയിരം പേരെ അണിനിരത്തി വൈദ്യുതി ഭവൻ വളയാനാണ് തീരുമാനം.

എന്നാൽ, വൈദ്യുതി ഭവന്‍ വളഞ്ഞാലും കെ.എസ്.ഇ.ബിയോ ചെയര്‍മാനോ വളയില്ലെന്നാണ് സമരക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് സൂചിപ്പിച്ച് ചെയർമാൻ വ്യക്തമാക്കിയത്. സർവ്വീസ് ചട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി ഭവൻ വളയൽ സമരത്തിന് അനുമതി നിഷേധിച്ച് കൊണ്ട് ചെയർമാന്‍ ഉത്തരവിറക്കിയത്. കെ.എസ്.ഇ.ബിയിലെ പ്രശ്ന പരിഹാരത്തിന് നേരിട്ട് ഇടപെടാൻ സർക്കാറോ മന്ത്രിയോ തയാറാകാത്ത സാഹചര്യത്തിൽ പ്രശ്നം സങ്കീർണമാവുകയാണ്.

ചെയർമാൻ തെറ്റായ നയങ്ങൾ തിരുത്തുന്നത് വരെ സമരം തുടരുമെന്നാണ് അസോസിയേഷൻ പ്രസിഡന്‍റ് എം.ജി. സുരേഷ് കുമാർ വ്യക്തമാക്കിയത്. എത്രദിവസം സമരം ചെയ്യാനും ശേഷിയുണ്ട്. ചർച്ചയുടേയും സമവായത്തിന്‍റെയും അടിസ്ഥാനത്തിൽ തീരുമാനം എടുക്കണം. പ്രതികാര നടപടി അംഗീകരിക്കില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

എം.ജി. സുരേഷ് കുമാർ കഴിഞ്ഞ ദിവസം ചെയർമാനെ വിമർശിച്ച് ദേശാഭിമാനിയിൽ ലേഖനമെഴുതിയതും വിവാദമായിരിക്കുകയാണ്. ചെയർമാൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണം ലേഖനത്തിൽ ആവർത്തിച്ചു. ഇക്കാരണത്താൽ സുരേഷ് കുമാറിനെതിരെ വീണ്ടും നടപടിക്കൊരുങ്ങുകയാണ് മാനേജ്മെന്‍റ്. നേരത്തെ ആരോപണം ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിച്ചിട്ടും ആരോപണം ആവർത്തിക്കുന്നത് ഗൗരവമായിട്ടാണ് മാനേജ്മെന്റ് കാണുന്നത്.

Tags:    
News Summary - KSEB employees strike updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.