പീരുമേട് (ഇടുക്കി): ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ അറ്റകുറ്റപ്പണി. കോട്ടയത്തുനിന്ന് കുമളിയിലേക്ക് വന്ന ബസിെൻറ ഡ്രൈവർ എം.ആർ. ജയചന്ദ്രനാണ് യാത്രക്കാരുടെ ജീവൻപണയം വെച്ച് ഹൈറേഞ്ച് റോഡിലൂടെ ഞാണിന്‍മേല്‍ കളി നടത്തിയത്. ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് വൈറലായതോടെ അധികൃതർ ഇയാളെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിനെത്തുടർന്ന് എം.ഡിയുടെ നിർദേശ പ്രകാരമാണ് ആർ.എ.കെ 580 നമ്പർ ബസിെൻറ ൈഡ്രവറായിരുന്ന കുമളി ഡിപ്പോയിലെ എം.ആർ. ജയചന്ദ്രനെതിരെ നടപടിയുണ്ടായത്.
സാമാന്യം നല്ല വേഗത്തില്‍ ബസ് ഓടിക്കുന്നതിനിടെയാണ് ഡ്രൈവര്‍ സ്വന്തം മൊബൈല്‍ ഫോൺ നന്നാക്കാൻ സമയം കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ തുറന്ന് ബാറ്ററി ഊരിയെടുത്ത് തുണികൊണ്ട് തൂത്ത് വൃത്തിയാക്കുന്നതും കേടുപാടുകൾ പരിശോധിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബസ് ഓടിക്കുന്നതിനിടെ തെല്ലും കൂസാതെയായിരുന്നു അറ്റകുറ്റപ്പണി. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിയമം നിലനില്‍ക്കെയാണിത്. ബുധനാഴ്ച കോട്ടയത്തുനിന്ന് കുമളിയിലേക്ക് വരുമ്പോൾ കാത്തിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിലാണ് സംഭവം. ഇടതുവശത്തെ സീറ്റിലെ യാത്രക്കാരനായിരുന്ന പാല സ്വദേശി ഗിരീഷാണ് ദൃശ്യം പകർത്തിയത്.
ബാറ്ററി മാറ്റിയിടുന്ന സമയത്ത് എതിർദിശയിൽനിന്ന് നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും മൊബൈലിൽ നോക്കിയിരിക്കുന്ന ഡ്രൈവർ അശ്രദ്ധമായി സൈഡ് നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. പാല മഹാത്മ ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ എബി ജോസാണ് മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. സ്ത്രീകൾ ഉൾപ്പടെ നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.