കെ.എസ്.ആര്‍.ടി.സി: ശമ്പളം അഞ്ചിനു ശേഷം, പെന്‍ഷന്‍ മുടങ്ങിയിട്ട് 16 ദിവസം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം ഈമാസം അഞ്ചിനുശേഷം മാത്രം. ശമ്പളത്തിനു വേണ്ട തുക കണ്ടത്തൊനുള്ള നെട്ടോട്ടത്തിലാണ് മാനേജ്മെന്‍റ്. നോട്ട് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പണം കണ്ടത്തെല്‍ കൂടുതല്‍ സങ്കീര്‍ണമാണ്. ശമ്പളത്തിനുവേണ്ട 80 കോടി രൂപയുടെ വായ്പ എപ്പോള്‍ ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ അഞ്ചിനുശേഷം എന്നു പറയുകയല്ലാതെ എന്നു വിതരണം ചെയ്യുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

സഹകരണ ബാങ്കുകള്‍ വായ്പ നല്‍കാന്‍ തയാറല്ല. പതിവുപോലെ ബാങ്ക് കണ്‍സോര്‍ട്യത്തെയും സമീപിച്ചു. അവിടെയും രക്ഷയില്ലാതായതോടെ കനറാ ബാങ്കിനെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍, ഇവിടെനിന്നും വായ്പ എന്നു കിട്ടുമെന്ന് നിശ്ചയമില്ല. എംപാനല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെങ്കില്‍ എട്ട് കോടി കൂടി വേണം.

പെന്‍ഷന്‍ മുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞതും വ്യാപക പ്രതിഷേധത്തിനിടയാക്കി. 125 കോടി രൂപ കുടിശ്ശികയായതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഡീസല്‍ വിതരണം നിലയ്ക്കാമെന്ന സ്ഥിതിയുണ്ട്. നോട്ട് നിയന്ത്രണത്തിന് ശേഷം പ്രതിദിനം ശരാശരി ഒരു കോടി രൂപയുടെ കുറവാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. പൊതുവേ സാമ്പത്തിക പ്രതിസന്ധിയുടെ കെടുതിയില്‍ നില്‍ക്കുന്ന കെ.എസ.്ആര്‍.ടി.സിക്ക് പുതിയ സാമ്പത്തിക പരിഷ്കരണം കനത്ത ഭാരമാണ് വരുത്തിയത്.

ശമ്പളമുടക്കത്തിലുള്ള ജീവനക്കാരുടെ പ്രതിഷേധത്തെക്കാള്‍ അധികൃതര്‍ ഭയക്കുന്നത് ഡീസല്‍വിതരണം നിര്‍ത്തുമെന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ മുന്നറിയിപ്പാണ്. പ്രതിദിനം 2.5 കോടി രൂപയാണ് ഡീസല്‍ വിലയായി എണ്ണക്കമ്പനിക്ക് നല്‍കേണ്ടത്. എന്നാല്‍, 1.25 കോടിയാണ് നല്‍കുന്നത്. അതേസമയം, അടയ്ക്കുന്ന തുകക്കനുസരിച്ച് മാത്രമേ ഇനി ഇന്ധനം നല്‍കൂവെന്ന മുന്നറിയിപ്പാണ് ഐ.ഒ.സിയില്‍നിന്ന് ലഭിച്ചത്. ഡീസല്‍ വിഹിതം കുറഞ്ഞാല്‍ 50 ശതമാനത്തോളം സര്‍വിസുകള്‍ നിര്‍ത്തിവെക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ സ്വകാര്യപമ്പുകളില്‍നിന്ന് ഇന്ധനം നിറയ്ക്കലും പ്രായോഗികമല്ല.   

ശമ്പളവും പെന്‍ഷനും നല്‍കുന്നതിനു വേണ്ടി വായ്പയെടുക്കാനുള്ള മാര്‍ഗങ്ങള്‍ തേടി കഴിഞ്ഞ ദിവസം ഉന്നതതലയോഗം ചേര്‍ന്നിരുന്നു. 100 കോടിയെങ്കിലും അടിയന്തരമായി സമാഹരിക്കാനാണ് ശ്രമം. കനറാ ബാങ്ക്, കെ.ടി.ഡി.എഫ്.സി എന്നിവയുടെ പ്രതിനിധികളും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി എം.ഡിയും പങ്കെടുത്തു. പ്രാഥമികതല ചര്‍ച്ചകളാണ് വ്യാഴാഴ്ച വൈകീട്ട് നടന്നത്.

Tags:    
News Summary - ksrtc salary and pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.