കൽപറ്റ: കെ.എസ്.ആർ.ടി.സിയിലെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് സർക്കാർ പറയുമ്പോൾ പ്രതിഫലം നിശ്ചയിക്കാനാകാത്ത ഈ നന്മയുടെ സർവിസിനെക്കുറിച്ചും അറിയണം. ഇത് ഒരുപറ്റം ഉദ്യോഗസ്ഥരുടെയും സന്നദ്ധപ്രവർത്തകരുടെയും നന്മയുടെ കഥയാണ്. ഒപ്പം, രാക്കുരുക്കിൽപ്പെടാതെ ‘ആനവണ്ടി’ യാത്രക്കാരെ തുണച്ചതിെൻറയും. രാത്രിയാത്ര നിരോധനത്തിനെതിരെയുള്ള ഹരജി ജനുവരി 10ന് സുപ്രീംകോടതി പരിഗണിക്കുമ്പോൾ സീനിയർ അഭിഭാഷകനെപ്പോലും ഇതുവരെ ഏർപ്പെടുത്താത്ത സർക്കാറിനുള്ള മുന്നറിയിപ്പ് കൂടിയാണിത്.
ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള സ്കാനിയ ബസിൽ ഹൃദയാഘാതമുണ്ടായ വയോധികയെ ആശുപത്രിയിലെത്തിക്കാനും മരണം സ്ഥിരീകരിച്ചശേഷം മൃതദേഹം എത്രയുംവേഗം ബന്ധുക്കൾക്ക് കൈമാറാനും ജോലിക്കുമപ്പുറം സാമൂഹിക പ്രതിബദ്ധത കാണിച്ചാണ് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ മാതൃകയായത്. രാത്രി ഒമ്പതിന് ചെക്പോസ്റ്റ് അടക്കുന്നതിനുമുമ്പ് ബസ് അതിർത്തി കടത്താനായതും ഇവരുടെ തീവ്ര പരിശ്രമം കൊണ്ടാണ്.
ഇക്കഴിഞ്ഞ ഡിസംബർ 27നാണ് സംഭവം. ഫുൾ സീറ്റ് റിസർവേഷനോടെ ബസ് വയനാട് അതിർത്തിയിലേക്ക് വരുേമ്പാൾ ഗുണ്ടൽപേട്ടയിൽ രാത്രി എേട്ടാടെയാണ് യാത്രക്കാരിയായ നെടുമങ്ങാട് മണ്ണൂർകോണം ശ്യാമ നിവാസിൽ ശാന്തകുമാരിക്ക് (64) ഹൃദയാഘാതമുണ്ടായത്. ബംഗളൂരുവിലെ ബന്ധുവീട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒറ്റക്ക് മടങ്ങുകയായിരുന്നു ഇവർ. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചെങ്കിലും ബസിെൻറ തുടർയാത്ര അനിശ്ചിതത്വത്തിലായി.
ഡ്രൈവറും കണ്ടക്ടറും ബത്തേരി എ.ടി.ഒ സാജൻ വി. സ്കറിയയെ വിവരമറിയിച്ചു. എ.ടി.ഒയും വയനാട് ഡി.ടി.ഒ കെ. ജയകുമാർ ഉൾപ്പെടെയുള്ളവർ അപ്പോൾ ബത്തേരിയിലെ മെക്കാനിക്കൽ വിഭാഗത്തിലെ ജാഫറിെൻറ ബന്ധുവിെൻറ കല്യാണ സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. ഈ സമയമാണ് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ല വൈസ് ചെയർമാനായ ഷമീർ ചേനക്കൽ ഇവർക്കൊപ്പമെത്തുന്നത്. ഉടൻ ഡി.ടി.ഒ നിർദേശിച്ചതനുസരിച്ച്, ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയിരുന്ന ചെക്കിങ് ഇൻസ്പെക്ടർ കെ.ടി. സുനിൽകുമാറുമായി ഷമീറും ജാഫറും ഗുണ്ടൽപേട്ടയിലേക്ക് പുറപ്പെട്ടു. ഇതിനിടയിൽ അവിടത്തെ നടപടികൾ പൂർത്തിയാക്കാൻ ബസിലുണ്ടായിരുന്നവർക്ക് ഡി.ടി.ഒ നിർദേശവും നൽകി. പോകുന്നവഴി ഫോണിലൂടെ കർണാടക പൊലീസ് അധികൃതരുമായി ഷമീർ ബന്ധപ്പെട്ട് ഒമ്പതിന് മുമ്പ് അതിർത്തി കടത്താനുള്ള ശ്രമവും തുടർന്നു.
ഒമ്പതുമണി കഴിഞ്ഞാൽ തിരുവനന്തപുരം വരെ എത്തേണ്ട യാത്രക്കാർ നൈറ്റ് പാസില്ലാത്തതിനാൽ രാത്രിമുഴുവൻ ബസിൽ കഴിച്ചുകൂട്ടേണ്ടിവരും. യാത്ര തുടരാനാകുമോ എന്ന ആശങ്കയിലായിരുന്നു യാത്രക്കാർ. കർണാടക പൊലീസ് നിലപാടിൽ അയവുവരുത്തുക മാത്രമേ മാർഗമുള്ളൂ. ഒടുവിൽ കർണാടകയിലെ ഉന്നത പൊലീസ് അധികൃതരുമായി ബന്ധപ്പെട്ട് ബസ് വിടാൻ അനുവാദം വാങ്ങുകയും 8.58ഒാടെ കർണാടക ചെക്പോസ്റ്റ് കടക്കുകയും ചെയ്തു.
അപ്പോഴേക്കും ഷമീറും സുനിൽകുമാറും ഗുണ്ടൽപേട്ടയിലെ ആശുപത്രിയിലെത്തി. സുനിൽകുമാറും പിന്നീട് ചെക്കിങ് ഇൻസ്പെക്ടർ എം.എസ്. മനോജും കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർ ഇസ്മായിലും ബന്ധുക്കൾ വരുന്നതുവരെ അവിടെ നിന്നു. നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയശേഷമാണ് ഇവർ മടങ്ങിയത്. പിന്നീട്, ശാന്തകുമാരിയുടെ പേരമകളായ എസ്. സുഷമദേവി ഇൗ നന്മയെ അനുസ്മരിച്ച് ഒരു നന്ദിക്കുറിപ്പും കെ.എസ്.ആർ.ടി.സി അധികൃതർക്ക് കൈമാറി. തങ്ങൾക്കറിയാത്ത ഒരു സ്ഥലത്ത് കുടുംബാംഗങ്ങളെപ്പോലെ ഇടപെടൽ നടത്തി മനുഷത്വം കാട്ടി സഹായിച്ചതിന് എപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നായിരുന്നു അവർ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.