ഉഫ സിറ്റി(റഷ്യ): വികസന പ്രവർത്തനങ്ങളിലെ കാലതാമസം വികസനം നിഷേധിക്കുന്നതിന് തുല്യമാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ അഭിപ്രായപ്പെട്ടു. റഷ്യൻ ഫെഡറേഷനിലെ ബാഷ്കോർട്ടാസ്ഥാെൻറ തലസ്ഥാനമായ ഉഫ സിറ്റിയിൽ ചേർന്ന ബ്രിക്സ് രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലങ്ങളായി പല കാരണങ്ങൾകൊണ്ടും അവഗണിക്കപ്പെട്ട പ്രദേശങ്ങളുടെയും സമൂഹങ്ങളുടെയും പുരോഗതിയാണ് അധികാരവികേന്ദ്രീകരണത്തിലൂടെ ലക്ഷ്യമിടേണ്ടത്. എവിടെയോ ഇരുന്ന് ഏതാനും പേർ തീരുമാനങ്ങളെടുത്ത് നടപ്പാക്കുമ്പോഴല്ല, ഓരോ ദേശത്തെയും ജനങ്ങൾ അവരവരുടെ മേഖലകളിൽ എന്തൊക്കെ വികസനപ്രവർത്തനങ്ങളാണ് നടപ്പാക്കേണ്ടതെന്ന് തീരുമാനിക്കുമ്പോഴാണ് ഗ്രാമസ്വരാജ് അക്ഷരാർഥത്തിൽ യാഥാർഥ്യമാവുക. മഹാത്മ ഗാന്ധിയുടെ ഇൗ നിരീക്ഷണം ലോകം നിലനിൽക്കുന്നിടത്തോളം പ്രസക്തമാണെന്നും ജലീൽ പറഞ്ഞു. ‘പശ്ചാത്തല വികസനത്തിൽ പൗരന്മാരുടെ ഇടപെടൽ ’ എന്ന വിഷയത്തെ അധികരിച്ചായിരുന്നു സമ്മേളനം.
അധികാര വികേന്ദ്രീകരണ പ്രക്രിയയിൽ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പ്രാപ്തരാക്കുന്നതിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) മോഡലിൽ പരിശീലനകേന്ദ്രങ്ങൾ അംഗരാജ്യങ്ങളിൽ ഉണ്ടായാൽ ജനങ്ങൾക്കത് ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽനിന്നുള്ള നാലംഗസംഘത്തെ കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി പുരുഷോത്തം റുപാലയാണ് നയിച്ചത്. മധ്യപ്രദേശ് മന്ത്രി ഗോപാൽ ഭാർഗവ, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിെൻറ സെക്രട്ടറി ജിതേന്ദ്ര ശങ്കർ മാത്തൂർ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.