കോഴിക്കോട്: ദുരൂഹമരണങ്ങളുടെ പിന്നാലെ രഞ്ജിയും റോജോയും നീങ്ങുന്നെന്ന് മനസ്സിലാക്കിയ ജോളിയുടെ കെണിയിൽനിന്ന് ഇരുവരും രക്ഷപ്പെട്ടത് തലനാരിഴക്ക്. റോയിയുടെ മരണശേഷം ജോളിയിലേക്ക് സംശയമുന നീണ്ടതോടെ രഞ്ജിയും റോജോയും പലപ്പോഴും കൂടത്തായിയിലെ തറവാടു വീട്ടിലെത്തിയിരുന്നെങ്കിലും ഒരിക്കൽപോലും അവിടെനിന്ന് ഭക്ഷണം കഴിക്കാനോ അന്തിയുറങ്ങാനോ കൂട്ടാക്കിയിരുന്നില്ല. ജ്യേഷ്ഠഭാര്യയുടെ പല നടപടികളും ദുരൂഹതയുണർത്തുന്നതാണെന്ന് കൃത്യമായി മനസ്സിലാക്കിയ ഇരുവരും ഇക്കാര്യം സുഹൃത്തുക്കളായ പലരോടും ചില ബന്ധുക്കളോടും പങ്കുവെച്ചിരുന്നു. അറസ്റ്റിലായ ജോളി, രഞ്ജിയെ വകവരുത്താൻ നീക്കം നടത്തിയതായി പൊലീസിനോട് കുറ്റസമ്മതം നടത്തിയ വാർത്ത ഞെട്ടലോടെയാണ് രഞ്ജി കേട്ടത്.
അമേരിക്കയിൽനിന്ന് മൂന്നുതവണ നാട്ടിലെത്തിയപ്പോഴും റോേജാ തിരുവമ്പാടിയിലെ ഭാര്യവീട്ടിലും കോടഞ്ചേരിയിലെ ഹോട്ടലിലും രഞ്ജി താമസിക്കുന്ന എറണാകുളത്തെ വീട്ടിലുമാണ് അന്തിയുറങ്ങിയത്.
പലപ്പോഴും തറവാടു വീട്ടിലെത്തിയ രഞ്ജി, ജോളി തളികയിൽ വെച്ചുനീട്ടിയ പലഹാരങ്ങളോ ശീതളപാനീയങ്ങളോ രുചിച്ചുപോലും നോക്കിയില്ല. വിതുമ്പലോടെയാണ് രഞ്ജി ഇക്കാര്യം ‘മാധ്യമം’ ലേഖകനുമായി പങ്കുവെച്ചത്.
വിവാഹത്തിലും ദുരൂഹത
ഭാര്യയും കുട്ടിയും മരണപ്പെട്ട ഷാജുവിനെ ജോളി വിവാഹം ചെയ്തത് ദുരൂഹത വർധിപ്പിച്ചു. ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയബന്ധമാണ് െകാലപാതകങ്ങളിലേക്ക് നയിച്ചതെന്ന സംശയം ബലപ്പെട്ടു. ഇവരുടെ വിവാഹത്തെ കുടുംബത്തിലെ ചിലർതന്നെ എതിർത്തിരുന്നു. എങ്കിലും ഷാജുവിനെ കൈവിടാൻ ജോളി തയാറായില്ല. ഷാജുവിെൻറ വീട്ടിലേക്ക് ജോളിയെ ബന്ധുക്കൾ കയറ്റാത്തതിനാൽ ഇരുവരും രണ്ടു വീടുകളിലാണ് താമസിച്ചത്.
എല്ലാവരുടെയും മരണ സമയത്ത് സാന്നിധ്യം ഉണ്ടായിരുന്നുവെന്നതാണ് ജോളിയെ സംശയത്തിെൻറ നിഴലിലാക്കിയ മറ്റൊരുകാര്യം. എന്നാൽ, പലരേയും താനാണ് ആശുപത്രിയിൽ എത്തിച്ചത് എന്നതിെൻറ തെളിവുകൾ സൂചിപ്പിച്ചാണ് ഇൗ സംശയത്തെ ഇവർ നേരിട്ടത്. ഇതോടെ ഇവർക്ക് മറ്റുള്ള ചിലരുടെ സഹായം ലഭിക്കുന്നുണ്ടെന്നും പൊലീസിന് വ്യക്തമായി. എല്ലാവരും ഭക്ഷണം കഴിച്ചശേഷമാണ് മരിച്ചത് എന്നതിനാൽ വിഷംകൊടുത്താണോ െകാലകൾ എന്ന സംശയവും ഉയർന്നു. എന്നാൽ, റോയിയുടെ മരണത്തിൽ മാത്രമേ പോസ്റ്റുമോർട്ടം നടന്നിട്ടുള്ളൂവെന്നത് അന്വേഷണസംഘത്തിനു വെല്ലുവിളിയായി. ഇൗ റിപ്പോർട്ടിൽ സയനൈഡിെൻറ അംശം ശരീരത്തിൽ കണ്ടെത്തിയിരുന്നു.
മരിച്ച ആർക്കും പാരമ്പര്യമായോ മറ്റോ അസുഖമൊന്നുമില്ലാത്തതും സംശയങ്ങൾ വർധിപ്പിച്ചിരുന്നു. അറസ്റ്റിലായ മാത്യുവുമായും ജോളിക്ക് വഴിവിട്ട ബന്ധമുണ്ടെന്നതിെൻറ ചില സൂചനകളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.