കേരളീയത്തില്‍ കുടുംബശ്രീക്ക് കൈനിറയെ നേട്ടം: 1.37 കോടി രൂപയുടെ വിറ്റുവരവ്

തിരുവനന്തപുരം: കലയും സംസ്കാരവും സമന്വയിച്ച കേരളീയത്തില്‍ കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കനകക്കുന്നില്‍ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകര്‍ സ്വന്തമാക്കിയത്. 'മലയാളി അടുക്കള' എന്നു പേരിട്ട ഫുഡ് കോര്‍ട്ടില്‍ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ നിന്നും 48.71 ലക്ഷവും ലഭിച്ചു. ആകെ 1,36,69,911 രൂപയുടെ വിറ്റുവരവ്.

കേരളീയം അവസാന ദിവസമായ നവംബര്‍ ഏഴിനാണ് ഫുഡ്കോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് ലഭിച്ചത്. 18.56 ലക്ഷം രൂപ. ബ്രാന്‍ഡഡ് ഭക്ഷ്യവിഭവങ്ങളുടെ ശ്രേണിയില്‍ പുതുമയിലും സ്വാദിലും വേറിട്ടു നിന്ന അട്ടപ്പാടിയുടെ വനസുന്ദരി ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടി ഫുഡ്കോര്‍ട്ടിലെ താരമായി. 15.63 ലക്ഷമാണ് സംരംഭകര്‍ സ്വന്തമാക്കിയത്. കുടുംബശ്രീ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയിലും ആകര്‍ഷകമായ വിറ്റുവരവ് നേടാനായി. ഏറ്റവും കൂടുതല്‍ നവംബര്‍ അഞ്ചിനാണ്. 10.08 ലക്ഷം രൂപ.

കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളാണ് ഫുഡ് കോര്‍ട്ടില്‍ പങ്കെടുത്തത്. ഉദ്ഘാടന ദിനം മുതല്‍ കുടുംബശ്രീയുടെ 'മലയാളി അടുക്കള'യിലേക്ക് ഭക്ഷണപ്രേമികള്‍ ഒഴുകിയെത്തുകയായിരുന്നു. കേരളത്തനിമയുള്ള നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ സ്വാദും വൈവിധ്യവുമാണ് 'മലയാളി അടുക്കള'ക്ക് വമ്പിച്ച ജനപങ്കാളിത്തം നേടിക്കൊടുത്തത്. കേരളത്തിലെ എല്ലാ പ്രാദേശിക രുചിവൈവിധ്യങ്ങളും ആസ്വദിച്ചറിയുന്നതിനുള്ള അപൂര്‍വ അവസരം ഏവരും പ്രയോജനപ്പെടുത്തുകയും ചെയ്തു.

ലക്ഷക്കണക്കിന് പേര്‍ സന്ദര്‍ശിച്ച ഫുഡ്കോര്‍ട്ടിലും വിപണന സ്റ്റാളിലും പൂര്‍ണമായും ഹരിത ചട്ടം പാലിക്കാനും ഫലപ്രദമായ മാലിന്യ സംസ്ക്കരണം നടപ്പാക്കാന്‍ കഴിഞ്ഞതും നേട്ടമാണെന്ന്

എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. 

Tags:    
News Summary - Kudumbashree hits big in Keraleeyam: turnover of Rs 1.37 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.