കൊച്ചി വാട്ടര്‍ മെട്രോയിലും കുടുംബശ്രീയുടെ പെണ്‍പെരുമ

കൊച്ചി: എറണാകുളം കൊച്ചി റെയില്‍ മെട്രോക്കു ശേഷം കേരളത്തിന്‍റെ പൊതുഗതാഗത രംഗത്ത് പുതിയൊരു വികസന ചരിത്രമെഴുതുന്ന കൊച്ചി വാട്ടര്‍ മെട്രോയിലും കുടുംബശ്രീയുടെ പെണ്‍കരുത്ത്. ഇതില്‍ ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിങ്ങ് എന്നീ ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള മുപ്പത് പേര്‍ കുടുംബശ്രീ വനിതകള്‍.

കൊച്ചിയിലെ പത്തു ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നാടിനു സമര്‍പ്പിച്ചപ്പോള്‍ കുടുംബശ്രീ കൈവരിച്ചത് അഭിമാനകരമായ മറ്റൊരു നേട്ടം. ഇതിന് മുമ്പ് കൊച്ചി റെയില്‍ മെട്രോയുടെ വിവിധ വിഭാഗങ്ങളിലെ പൂര്‍ണ നടത്തിപ്പു ചുമതലയും കുടുംബശ്രീ വനിതകള്‍ക്ക് ലഭിച്ചിരുന്നു.

വാട്ടര്‍ മെട്രോയിലെത്തുന്ന യാത്രക്കാര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്നതിനായി തിരഞ്ഞെടുത്ത കുടുംബശ്രീ വനിതകളില്‍ 18 പേര്‍ ടിക്കറ്റിങ്ങ് വിഭാഗത്തിലും 12 പേര്‍ ഹൗസ് കീപ്പിങ്ങിലുമാണ്. ബുധനാഴ്ച മുതല്‍ ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സര്‍വീസ്. വൈറ്റില-കാക്കനാട് റൂട്ടിലുള്ള സര്‍വീസ് ഏപ്രില്‍ 27നും ആരംഭിക്കും. തിരക്കനുസരിച്ച് സര്‍വീസുകള്‍ വിപുലീകരിക്കുന്ന മുറക്ക് കൂടുതല്‍ വനിതകള്‍ക്ക് വാട്ടര്‍ മെട്രോയില്‍ അവസരം ലഭിച്ചേക്കും.  

കൊച്ചി ഈസ്റ്റ്, സൗത്ത്, മുളവുകാട്, എളംകുന്നപ്പുഴ എന്നീ സിഡി.എസുകളിലെ വിവിധ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്കാണ് വാട്ടര്‍മെട്രോയില്‍ വിവിധ സേവനങ്ങള്‍ നല്‍കാനുള്ള ചുമതല. കുടുംബശ്രീ ഇനിഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊല്യൂഷന്‍സ് (കിബ്സ്) സൊസൈറ്റി മുഖേനയാണ് ഇവര്‍ക്ക് അവസരമൊരുങ്ങിയത്.

കുടുംബശ്രീ അംഗങ്ങള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടു കൊണ്ട് രൂപീകരിച്ച സംവിധാനമാണിത്. നിലവില്‍ കിബ്സ് വഴി വൈറ്റില മൊബിലിറ്റി ഹബ്, വ്യവസായ വകുപ്പ്, കില എന്നിവിടങ്ങളില്‍ 262 വനിതകള്‍ക്ക് ജോലി ലഭ്യമായിട്ടുണ്ട്.

സംസ്ഥാനത്ത് പൊതുഗതാഗത രംഗത്ത് വിപ്ളവാത്മകമായ മാറ്റം സൃഷ്ടിച്ച കൊച്ചി റെയില്‍ മെട്രോയുടെ 24 സ്റ്റേഷനുകളിലും ജോലി ചെയ്യുന്നത് കുടുംബശ്രീ വനിതകളാണ്. നിലവില്‍ 555 പേര്‍ ഇവിടെയുണ്ട്. ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ സര്‍വീസ്, ഹെല്‍പ് ഡെസ്ക്, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സര്‍വീസ്, പൂന്തോട്ടം-പച്ചക്കറി തോട്ട നിര്‍മാണം, കിച്ചണ്‍, കാന്‍റീന്‍, പാര്‍ക്കിങ്ങ് എന്നീ വിഭാഗങ്ങളിലാണ് ഇവരുടെ സേവനം. കുടുംബശ്രീയുടെ കീഴിലുള്ള ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍റര്‍ മുഖേനയാണ് ഇവരുടെ നിയമനവും മേല്‍നോട്ടവും.

Tags:    
News Summary - Kudumbashree's girlfriend also in Kochi Water Metro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.