കുതിരാൻ തുരങ്ക നിർമാണ ക്രമക്കേട് അന്വേഷണം അവസാനിപ്പിച്ചു; സി.ബി.ഐക്കെതിരെ അപ്പീലുമായി പരാതിക്കാരൻ

തൃശൂർ: കുതിരാൻ തുരങ്കപാത നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരനെ അറിയിക്കാതെ അന്വേഷണം അവസാനിപ്പിച്ചതിനെതിരെ നിയമനടപടി. പരാതിക്കാരനായ ‘നേർക്കാഴ്ച’ അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് ആണ് സി.ബി.ഐയുടെ ചെന്നൈ ജോ. ഡയറക്ടർക്ക് അപ്പീൽ ഹരജി നൽകിയത്.

കേസ് അവസാനിപ്പിക്കാൻ അടിസ്ഥാനമായ സാഹചര്യ തെളിവുകൾ, അന്വേഷണ റിപ്പോർട്ടുകൾ, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ, പരാതി മറ്റു ഏജൻസികൾക്ക് കൈമാറിയിട്ടുണ്ടെങ്കിൽ ഏജൻസിയുടെ മേൽവിലാസം, അന്വേഷണ സംഘം കുതിരാൻ മല സന്ദർശിച്ചതിന്‍റെ രേഖകൾ എന്നിവ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നു.

പ്രാഥമിക വിശകലനത്തിന് ശേഷം പരാതി അവസാനിപ്പിച്ചുവെന്നാണ്​ രേഖാമൂലം സി.ബി.ഐ കൊച്ചി ബ്രാഞ്ച് മേധാവി മറുപടി നൽകിയത്. വിവരാവകാശ നിയമത്തിന്‍റെ രണ്ടാം ഷെഡ്യൂളിലെ നമ്പർ 23, സെക്ഷൻ 24 പ്രകാരം വിവരാവകാശ നിയമം 2005 സി.ബി.ഐക്ക് ബാധകമല്ലെന്നും എന്നാൽ നടപടിയിൽ ആക്ഷേപമുണ്ടെങ്കിൽ അപ്പീൽ നൽകാൻ പരാതിക്കാരന് അവസരമുണ്ടെന്നുമുള്ള മറുപടിയുടെ അടിസ്ഥാനത്തിലാണ് ജോ. ഡയറക്ടർക്ക് അപ്പീൽ നൽകിയത്.

വിവരാവകാശ നിയമത്തിൽ നിന്നും രഹസ്യാന്വേഷണ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച് പൗരന്മാർ ആവശ്യപ്പെടുന്ന വിഷയങ്ങളിൽ സി.ബി.ഐ അടക്കമുള്ള ഒരു വകുപ്പിനും നിയമത്തിൽ നിന്ന് പരിരക്ഷയില്ലെന്ന് നിയമം 24 (ഒന്ന്) വ്യവസ്ഥ ചെയ്യുന്നതായി സതീഷ് അപ്പീലിൽ വ്യക്തമാക്കുന്നു.

Tags:    
News Summary - Kuthiran tunnel construction: Complainant appeal against CBI termination of investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.