വടകര: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ വിദ്യ ഒളിവിൽ കഴിഞ്ഞത് സുഹൃത്തായ മുൻ എസ്.എഫ്.ഐ പ്രവർത്തകന്റെ വീട്ടിൽ. വില്യാപ്പള്ളി കുട്ടോത്ത് നായനാർ മന്ദിരത്തിനടുത്ത് വി.ആർ ഹൗസിൽ രാഘവന്റെ വീട്ടിൽവെച്ചാണ് വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഘവന്റെ മകൻ മുൻ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന രോഹിത്തുമായുള്ള സൗഹൃദത്തിന്റെ മറവിലാണ് വിദ്യ വീട്ടിൽ ഒളിവിൽ കഴിഞ്ഞത്. വ്യാഴാഴ്ച വൈകീട്ട് 5.40ഓടെയാണ് പുതൂർ എസ്.ഐ ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് വിദ്യയെ രാഘവന്റെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
മൊബൈൽ ടവർ ലൊക്കേഷൻ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മേപ്പയൂർ ആവളയിലെ യുവതിയുടെ ഫോൺ നമ്പറിൽനിന്നുള്ള വിളിയാണ് വിദ്യയെ കുടുക്കിയത്. നേരത്തെയുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ ആവളയിലെ യുവതിയുടെ വീട്ടിലെത്തിയ വിദ്യ പിന്നീട് വില്യാപ്പള്ളി കുട്ടോത്ത് എത്തുകയായിരുന്നു. ആവളയിലെ യുവതിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിദ്യയെ പിടികൂടുകയായിരുന്നു.
നേരത്തെ കാലിക്കറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന രോഹിത്ത് സജീവ എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു. ആർഷോ അടക്കമുള്ള എസ്.എഫ്.ഐ നേതാക്കളുമായി നല്ല ബന്ധത്തിലായിരുന്നു രോഹിത്ത്. സർക്കാർ ഉദ്യോഗസ്ഥനായ രോഹിത് ഇപ്പോൾ ലീവിലാണ്. ദിവസങ്ങളോളം വിദ്യ ഒളിവിൽ കഴിഞ്ഞത് നാട്ടുകാർ അറിഞ്ഞിരുന്നില്ല. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതി ഇവിടെ ഒളിവിൽ കഴിഞ്ഞത് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
സംശയ നിവാരണത്തിന് അട്ടപ്പാടി കോളജ് അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്നു മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു പൊലീസ് കേസെടുത്തത്. ജൂൺ ആറിന് എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.