ലക്ഷ്മി നായരെ മാറ്റി; എത്രകാലത്തേക്ക് എന്നതിന് പ്രസക്തിയില്ല –മന്ത്രി

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ആയിരുന്ന ലക്ഷ്മി നായരെ എത്രകാലത്തേക്ക് മാറ്റി എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ളെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. വിദ്യാര്‍ഥികളും മാനേജ്മെന്‍റുമായുള്ള ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജില്‍ പുതിയ പ്രിന്‍സിപ്പല്‍ വരുമെന്ന തീരുമാനവും ബോധ്യവും ചര്‍ച്ചയിലുണ്ടായി.

അഞ്ചുവര്‍ഷം ലക്ഷ്മി നായര്‍ ഫാക്കല്‍റ്റിയായി പോലും ഉണ്ടാകില്ളെന്ന് മാനേജ്മെന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്. സമരംചെയ്യുന്ന വിദ്യാര്‍ഥി സംഘടനകള്‍ സമ്മതിച്ചതാണിത്. ചര്‍ച്ചയിലെ തീരുമാനങ്ങളില്‍നിന്ന് മാനേജ്മെന്‍റ് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടും. സമരം തീരണമെന്ന അര്‍ഥത്തില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകളും ചര്‍ച്ചയില്‍ സഹകരിച്ചതായും മന്ത്രി പറഞ്ഞു.

അഞ്ചുവര്‍ഷം ഫാക്കല്‍റ്റിയായിപോലും ലക്ഷ്മി നായര്‍ കോളജില്‍ വരില്ളെന്ന എസ്.എഫ്.ഐയുമായി നടത്തിയ ചര്‍ച്ചയിലെ വ്യവസ്ഥ നിലനില്‍ക്കുമെന്ന് മാനേജ്മെന്‍റ് പ്രതിനിധികളും അറിയിച്ചു. ലക്ഷ്മി നായരെ പുറത്താക്കുകയാണോ മാനേജ്മെന്‍റ് ചെയ്തതെന്ന ചോദ്യത്തോട് മാനേജ്മെന്‍റ് പ്രതിനിധികള്‍ പ്രതികരിച്ചില്ല.

‘സമരം അവസാനിപ്പിച്ചത് ആവശ്യങ്ങള്‍ നേടിയശേഷം’

 ആവശ്യങ്ങള്‍ നേടിയെടുത്താണ് ലോ അക്കാദമിയിലെ സമരം അവസാനിപ്പിച്ചതെന്ന് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കുക, അതിന് അവര്‍ തയാറായില്ളെങ്കില്‍ മാനേജ്മെന്‍റ് പുറത്താക്കുക, അല്ലാത്തപക്ഷം കോളജിനെതിരെ നടപടിയെടുക്കുക എന്നതായിരുന്നു പ്രധാന ആവശ്യം. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ മാറ്റാന്‍ മാനേജ്മെന്‍റ് തയാറായെന്നും അത് അഞ്ചുവര്‍ഷത്തേക്കല്ളെന്നും എക്കാലത്തേക്കുമാണെന്നും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. എസ്.എഫ്.ഐയുമായി മാനേജ്മെന്‍റ് ഉണ്ടാക്കിയ രഹസ്യകരാര്‍ പോലെയല്ല ഇത്.

വിദ്യാഭ്യാസമന്ത്രി കൂടി ഒപ്പിട്ടതാണ് കരാര്‍. സര്‍വകലാശാല നിയമപ്രകാരമുള്ള യോഗ്യതയുള്ള പുതിയ പ്രിന്‍സിപ്പലിന്‍െറ നിയമനം ഉറപ്പുവരുത്താനും ചര്‍ച്ചയിലൂടെ സാധിച്ചു. ഉറപ്പില്‍നിന്ന് മാനേജ്മെന്‍റ് വ്യതിചലിച്ചാല്‍ സര്‍ക്കാറിന്‍െറ ഇടപെടല്‍ ഉറപ്പുവരുത്താന്‍ സാധിച്ചതും സമരത്തിന്‍െറ വിജയമാണെന്ന് കെ.എസ്.യു മുന്‍ പ്രസിഡന്‍റ് വി.എസ്. ജോയ്, ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളുടെ പ്രതിനിധി ആര്യ വി. ജോണ്‍, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ എന്നിവര്‍ പറഞ്ഞു.

 

Tags:    
News Summary - law academy issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.