തിരുവനന്തപുരം: രാഷ്ട്രീയ പോര്‍വിളികളിലേക്കും നിരാഹാരപന്തലുകളില്‍നിന്ന് ആത്മഹത്യാപ്രക്ഷോഭങ്ങളിലേക്കും ചുവടുമാറിയ ലോ അക്കാദമി സമരത്തിന് തുടക്കമിട്ടത് പ്രകടനത്തിന് അനുമതിചോദിച്ചുള്ള വിദ്യാര്‍ഥികളുടെ കത്തില്‍നിന്ന്. പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് പ്രതിഷേധ കാമ്പയിന് അനുമതിചോദിച്ച് കെ.എസ്.യുവും എ.ഐ.എസ്.എഫും അധികൃതര്‍ക്ക് കത്ത് നല്‍കി. കാമ്പയിന് ആദ്യം അനുമതിനല്‍കി. എന്നാല്‍, ലോ അക്കാദമിയിലെ പ്രശ്നങ്ങളും ചര്‍ച്ചചെയ്യുമെന്ന് കരുതി മാനേജ്മെന്‍റ് പിന്നീട് കാമ്പയിന് തടസ്സംനിന്നു. ഇതോടെ കാമ്പസിനുള്ളിലും പിന്നീട് പുറത്തേക്കും വിദ്യാര്‍ഥി സംഘടനകള്‍ സമരം വ്യാപിപ്പിച്ചു.
എം.എസ്.എഫും, എ.ബി.വി.പിയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഹോസ്റ്റലിലെ വിഷയങ്ങളുയര്‍ത്തി വിദ്യാര്‍ഥിനികളും സമരം തുടങ്ങി. ഇതോടെ സംയുക്ത വിദ്യാര്‍ഥിഐക്യത്തിനും തുടക്കമായി. ജനുവരി 11നാണ് സംയുക്ത വിദ്യാര്‍ഥി ഐക്യം സമരംതുടങ്ങിയതെങ്കിലും 14നാണ് എസ്.എഫ്.ഐ ഇതില്‍ പങ്കുചേര്‍ന്നത്.
ജനുവരി 21ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് അക്കാദമി പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒമ്പതംഗ ഉപസമിതിയെ നിയോഗിച്ചു. 25ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിഷയത്തില്‍ ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമായില്ല. ഇതിനിടെ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ അക്കാദമിക്ക് മുന്നില്‍ 48 മണിക്കൂര്‍ നിരാഹാരസമരം തുടങ്ങി. 27ന് വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്ന് ചൂണ്ടിക്കാട്ടി ഉപസമിതിയുടെ റിപ്പോര്‍ട്ട് സര്‍വകലാശാലക്ക് സമര്‍പ്പിച്ചു. 28ന് സിന്‍ഡിക്കേറ്റ് യോഗം റിപ്പോര്‍ട്ട് അംഗീകരിച്ചു.
പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് പരീക്ഷാ നടത്തിപ്പില്‍നിന്ന് ഡീബാര്‍ ചെയ്തതും ഈയോഗത്തിലാണ്. ജനുവരി 30ന് വിദ്യാര്‍ഥി സംഘടനകളുടെ യോഗം മാനേജ്മെന്‍റ് വിളിച്ചു. പ്രിന്‍സിപ്പലിന്‍െറ രാജിക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയാറാകാതായതോടെ എസ്.എഫ്.ഐ ഒഴികെ സംഘടനകള്‍ ഇറങ്ങിപ്പോയി. അടുത്തദിവസം എസ്.എഫ്.ഐ ഏകപക്ഷീയമായി മാനേജ്മെന്‍റുമായി ചര്‍ച്ചനടത്തി. അഞ്ച് വര്‍ഷത്തേക്ക് പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്താമെന്ന് ഉറപ്പുലഭിച്ചെന്ന് അവകാശപ്പെട്ട് എസ്.എഫ്.ഐ സമരം പിന്‍വലിച്ചു.
എന്നാല്‍, പ്രിന്‍സിപ്പലിന്‍െറ രാജി ആവശ്യപ്പെട്ട് സംയുക്ത വിദ്യാര്‍ഥി ഐക്യം സമരംതുടര്‍ന്നു. കെ. മുരളീധരന്‍ എം.എല്‍.എയും നിരാഹാരസമരം തുടങ്ങി. വിദ്യാഭ്യാസമന്ത്രി വിദ്യാര്‍ഥി സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചെങ്കിലും മന്ത്രിതന്നെ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്നാണ് മന്ത്രിതല ചര്‍ച്ചതന്നെ സമരം അവസാനിച്ചത്.
ആഹ്ളാദാരവങ്ങള്‍...
28 ദിവസത്തോളം മുദ്രാവാക്യം മുഴങ്ങിയ പന്തലുകളില്‍ ആഹ്ളാദാരവങ്ങള്‍, പുറത്ത് നൃത്തവും സന്തോഷപ്രകടനങ്ങളും. ലോ അക്കാദമിയിലെ വിദ്യാര്‍ഥിപ്രക്ഷോഭം വിജയംകണ്ടെന്ന പ്രഖ്യാപനം ആര്‍പ്പുവിളികളോടെയാണ് വിദ്യാര്‍ഥികള്‍ എതിരേറ്റത്. മുഷ്ടിചുരുട്ടി മുദ്രാവാക്യംവിളിച്ചും പരസ്പരം ആശ്ളേഷിച്ചും വിജയത്തിന്‍െറ ആദ്യമുഹൂര്‍ത്തങ്ങള്‍ പങ്കിട്ടവര്‍ പിന്നീട് പേരൂര്‍ക്കടയില്‍ പ്രകടനം നടത്തി.
ഉച്ചക്ക് 1.15ഓടെയാണ് സമരവിജയവാര്‍ത്ത സമരവേദിയിലത്തെിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും പ്രിന്‍സിപ്പലിനെ മാറ്റുമെന്നും അറിയിപ്പ് വന്നതോടെ സന്തോഷപ്രകടനം ഉച്ചസ്ഥായിയിലായി. സംയുക്ത സമരസമിതി നേതാവ് ആനന്ദാണ് ചര്‍ച്ചയിലെ തീരുമാനം മൈക്കിലൂടെ അറിയിച്ചത്.
ഞങ്ങളുടെ നിലപാട് മറ്റ് സംഘടനകള്‍ അംഗീകരിച്ചു –എസ്.എഫ്.ഐ
ലോ അക്കാദമി സമരത്തില്‍ തങ്ങള്‍ക്ക് ലഭിച്ച ഉറപ്പുകള്‍ക്കപ്പുറം മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഒന്നും നേടാനായിട്ടില്ളെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍, പ്രസിഡന്‍റ് ജെയ്ക് സി. തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്.എഫ്.ഐയുടെ നിലപാട് മറ്റ് സംഘടനകളും അംഗീകരിച്ചുവെന്നതാണ് മന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ സംഭവിച്ചത്.
പ്രിന്‍സിപ്പല്‍ രാജിവെച്ചാലേ സമരം അവസാനിപ്പിക്കൂ എന്ന് പറഞ്ഞവര്‍ സമരം പിന്‍വലിച്ച സാഹചര്യത്തില്‍ ലക്ഷ്മി നായരുടെ രാജി എവിടെയാണെന്ന് വ്യക്തമാക്കണം. സമരം അവസാനിപ്പിക്കാന്‍ എസ്.എഫ്.ഐ എടുത്ത തീരുമാനം വിജയിച്ചതായി ഇതോടെ മറ്റ് വിദ്യാര്‍ഥി സംഘടനകളും സമ്മതിച്ചിരിക്കുകയാണ്. രാഷ്ട്രീയലക്ഷ്യത്തോടെ സമരം തുടര്‍ന്നവര്‍ വിദ്യാര്‍ഥിസമൂഹത്തോട് മാപ്പ്പറയണം. വിദ്യാഭ്യാസമന്ത്രി വിളിച്ചതുകൊണ്ടാണ് ചര്‍ച്ചയില്‍ എസ്.എഫ്.ഐ പങ്കെടുത്തതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.