തിരുവനന്തപുരം: ലോ അക്കാദമിക്ക് നൽകിയ ഭൂമി തിരിച്ചുപിടിക്കാൻ വ്യവസ്ഥയില്ലെന്ന സൂചനയോടെ നിയമ സെക്രട്ടറി നൽകിയ ശിപാർശ റവന്യൂ മന്ത്രി തിരിച്ചയച്ചു. ലോ അക്കാദമി സൊസൈറ്റിയിൽനിന്ന് സർക്കാർ പ്രതിനിധികളെ ഒഴിവാക്കി ഭരണസമിതിയുടെ ഘടന മാറ്റിയതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് രജിസ്േട്രഷൻ ഐ.ജിയും സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. അക്കാദമിയുടെ രജിസ്ട്രേഷൻ സംബന്ധിച്ച് 1984 മുതലുള്ള കാര്യങ്ങൾ അന്വേഷിക്കാനാണ് സർക്കാർ നിർദേശിച്ചത്.
1972ലും 1975ലും രണ്ടു തവണ നിയമാവലി ഭേദഗതി വരുത്തിയത് അന്വേഷണത്തിൽ ഉൾപ്പെടില്ല. അക്കാദമി ഭരണസമിതി ഭാരവാഹികളുടെ 1991 മുതലുള്ള പട്ടിക മാത്രമേ ജില്ലാ രജിസ്ട്രാർ ഓഫിസിലുള്ളൂ. രജിസ്ട്രേഷൻ സംബന്ധിച്ച രേഖകളില്ലാതെ ഇരുട്ടിൽ തപ്പുകയാണ് ഉദ്യോഗസ്ഥർ. അതേസമയം, ഭൂമി പതിച്ചു നൽകുമ്പോൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഭൂമി മുഴുവൻ ഉപയോഗിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നില്ലെന്ന് റവന്യൂ സെക്രട്ടറി അടിവരയിട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭൂപതിവ് വ്യവസ്ഥ ലംഘിച്ചാണ് അക്കാദമി കോമ്പൗണ്ടിൽ റസ്റ്റാറൻറും സംസ്ഥാന സഹകരണ ബാങ്കിെൻറ ശാഖയും പ്രവർത്തിച്ചത്. അത് വാണിജ്യ ആവശ്യത്തിനാണ്. എന്നാൽ, ഭൂമി പതിച്ചു നൽകുമ്പോൾ വ്യവസ്ഥയുണ്ടെങ്കിലും അത് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സർക്കാറിന് സംവിധാനമില്ല. തഹസിൽദാറും വില്ലേജ് ഓഫിസറുമൊന്നും ഇത്രയും കാലം കൈയേറ്റം റിപ്പോർട്ട് ചെയ്തിട്ടില്ല.
അക്കാദമിക്ക് ഭൂമി പതിച്ചു നൽകിയത് നിയമത്തിലെ ’പൊതുതാൽപര്യം’ അനുസരിച്ചാണ്. സംസ്ഥാന സഹകരണബാങ്കും കാൻറീനും പ്രവർത്തിച്ചിരുന്നത് പൊതുതാൽപര്യ പ്രകാരമാണെന്ന് മാനേജ്മെൻറ് വാദിക്കും. നിയമത്തിൽ പൊതുതാൽപര്യത്തിന് കൃത്യമായ നിർവചനമില്ല. മന്നം മെമ്മോറിയൽ നാഷനൽ ക്ലബ്, വൈ.എം.സി.എ, ഗോൾഫ് ക്ലബ് തുടങ്ങിയ തിരുവനന്തപുരത്തെ നിവരധി സ്ഥാപനങ്ങളുടെ ഭൂമി പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കം പരാജയപ്പെട്ടത് ഇക്കാരണങ്ങളാലാണ്. അതിനാൽ ഭൂമി തിരിച്ചെടുക്കണമെന്ന് മുറവിളി കൂട്ടിയിട്ട് കാര്യമില്ലെന്നാണ് ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ അഭിപ്രായം.
സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ നോട്ടീസ് നൽകിയാൽ മനേജ്മെൻറ് കോടതി കയറും.
കൂടുതൽ വ്യക്തത വേണമെന്ന് റവന്യൂ മന്ത്രി
ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട് ലോ സെക്രട്ടറി നൽകിയ ശിപാർശയിൽ കൂടുതൽ വ്യക്തതവേണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. അതിനാലാണ് ശിപാർശ തിരിച്ചയച്ചത്. വിഷയത്തിൽ നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതെല്ലാം ദൂരീകരിക്കുന്ന തരത്തിലാണ് ശിപാർശ നൽകേണ്ടത്. അക്കാദമിയുടെ ഭരണ സമിതിയിലുണ്ടായ മാറ്റത്തെക്കുറിച്ച് ജില്ല രജിസ്ട്രാർ ഓഫിസിൽ രേഖകളില്ലെന്ന് നേരത്തേ റിപ്പോർട്ട് ലഭിച്ചിരുന്നു. അതേസമയം, വ്യവസ്ഥകളോടെയാണ് ഭൂമി പതിച്ചു നൽകിയത്. വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഭൂമി ഉപയോഗിക്കരുതെന്ന വ്യവസ്ഥയുണ്ടായിരിക്കെ അതു ലംഘിച്ചാണ് ഹോട്ടലും ബാങ്കും പ്രവർത്തിച്ചതെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും ഒന്നിലും കുഴപ്പമില്ലെന്ന ശിപാർശ അതേപടി അംഗീകരിക്കാനാവില്ല. അതിനാലാണ് റിപ്പോർട്ട് മടക്കി അയച്ചത്. മറ്റു കാര്യങ്ങൾ കാബിനറ്റ് തീരുമാനിക്കുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.