തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിൽ ഘടകകക്ഷികൾ കൈയാളിയ വകുപ്പുകൾ മാറിമറിയും. പുതിയതായി എത്തിയ ഘടകകക്ഷികൾക്ക് അടക്കം വകുപ്പുകൾ നൽകേണ്ടതിനാൽ നിലവിൽ സി.പി.എമ്മും സി.പി.െഎയും അടക്കം കൈയാളിയ വകുപ്പുകൾ ചിലതെങ്കിലും വിട്ടുകൊടുക്കേണ്ടിവന്നേക്കും. ഏക എം.എൽ.എമാരുള്ള ആറ് കക്ഷികളിൽ ആർക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുമെന്നതിനെ ആശ്രയിച്ചാവും തീരുമാനം. അതേസമയം, പുതിയ സർക്കാറിെൻറ സത്യപ്രതിജ്ഞാചടങ്ങിന് സെൻട്രൽ സ്റ്റേഡിയം ഉപയോഗിക്കുന്നത് പരിഗണനയിലാണ്.
ഘടകകക്ഷികളുമായി ഉഭയകക്ഷിചർച്ച ഞായറാഴ്ചയോ തിങ്കളാഴ്ചയോ പുനരാരംഭിക്കുന്നതോടെ ആർക്കൊക്കെ സർക്കാറിൽ പ്രാതിനിധ്യം ലഭിക്കുമെന്ന് വ്യക്തമാവും. തിങ്കളാഴ്ച എൽ.ജെ.ഡിയുമായാണ് ചർച്ച. ഉഭയകക്ഷി ചർച്ച പൂർത്തിയായ ശേഷം സി.പി.എം, സി.പി.െഎ ചർച്ചക്കുശേഷമാവും മേയ് 17ന് എൽ.ഡി.എഫ് ചേരുക. മുന്നണിയോഗത്തിലാവും വകുപ്പുകളിൽ അന്തിമധാരണ ഉണ്ടാവുക.
കേരള കോൺഗ്രസ് എമ്മിന് അവർ ആഗ്രഹിക്കുന്ന രണ്ട് മന്ത്രിസ്ഥാനം കൊടുക്കാനാവുമോയെന്ന സംശയം സി.പി.എമ്മിനുണ്ട്. ജെ.ഡി(എസ്), എൽ.ജെ.ഡി എന്നിവ ലയിക്കണമെന്ന നിർദേശം നടപ്പാവാത്തതിെൻറ പ്രായോഗിക ബുദ്ധിമുട്ടും മന്ത്രിസഭ രൂപവത്കരണത്തിൽ വെല്ലുവിളിയാണ്. കഴിഞ്ഞതവണ ഏക എം.എൽ.എ ഉണ്ടായിരുന്ന കോൺഗ്രസ് എസിന് മന്ത്രിസ്ഥാനം ലഭിച്ചിരുന്നു. കേരള കോൺഗ്രസ് (ബി)ക്ക് മന്ത്രിസ്ഥാനം നൽകിയാൽ െഎ.എൻ.എൽ, എൽ.ജെ.ഡി ഉൾെപ്പടെ സമ്മർദം ശക്തമാക്കും.
തെൻറ അവസാന സാധ്യതയാണെന്ന് അപേക്ഷിച്ചാണ് കോവൂർ കുഞ്ഞുമോൻ സി.പി.എമ്മിനെ സമീപിച്ചത്. ഉന്നത ഉദ്യോഗസ്ഥ നിർദേശത്തെ തുടർന്നാണ് ശനിയാഴ്ച പൊതുഭരണവകുപ്പ് പ്രോേട്ടാകോൾ വിഭാഗം സെൻട്രൽ സ്റ്റേഡിയത്തിൽ പരിശോധന നടത്തിയത്. ലോക്ഡൗണിൽ കോവിഡ് വ്യാപനത്തിൽ കുറവ് വന്നാൽ പൊതുജനങ്ങളെ ഒഴിവാക്കി ലളിതമായി അതിഥികളുടെ എണ്ണം ക്രമീകരിച്ച് സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ നടത്താനാവുമോ എന്നാണ് ആലോചിക്കുന്നത്. നേരത്തേ 20ന് രാജ്ഭവൻ അങ്കണത്തിൽ നടത്താനായിരുന്നു ആലോചന. എന്നാൽ മന്ത്രിമാരുടെ ബന്ധുക്കൾ അടക്കം 250 പേരെയെങ്കിലും പെങ്കടുപ്പിച്ച് നടത്തണമെന്ന നിർദേശം ഉയർന്നിരുന്നു. 2006 ലെ വി.എസ്., 2016 ലെ പിണറായി സർക്കാറുകളുടെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.