എകരൂൽ (കോഴിക്കോട്): എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ ഉണ്ണികുളം കരുമല വളവിൽ വീണ്ടും വാഹനാപകടം. പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ഡ്രൈവര്‍ കൃഷ്ണകുമാര്‍, മുഹമ്മദ്റഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഇരുവരേയും നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹന ഭാഗം മുറിച്ചുമാറ്റി പുറത്തെടുത്തത്.
പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. മാങ്ങ കയറ്റി മഞ്ചേരിയിൽ നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോയ പിക്കപ്പ് വാഹനമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ടപിക്കപ്പ് കരുമല ക്ഷേത്രത്തിനടുത്ത വളവിൽ റോഡിന്‍റെ കൈവരി ഇടിച്ചു തകർത്ത് വയലിലേക്ക് തലകീഴായി മറിഞ്ഞ് തെങ്ങിൽ തട്ടി നിൽക്കുകയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണ് കരുമല വളവ്. ആഴ്ചയിൽ രണ്ടും മൂന്നും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. വാഹനങ്ങളുടെ അമിത വേഗതയും ഡ്രൈവർമാരുടെ പരിചയക്കുറവും റോഡിൻ്റെ ചരിവും വളവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് നിർമാണത്തിൽ അലൈൻമെന്റിലുണ്ടായ അപാകതയും അപകട പരമ്പരക്ക് പ്രധാന കാരണമാണെന്ന് നാട്ടുകാർ പറയുന്നു.
സ്ഥിരം അപകട മേഖലയായിട്ടും പരിഹാര നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.