ആലപ്പുഴ: മട്ടാഞ്ചേരി പാലത്തിനുസമീപം കനത്തമഴയിൽ കൂറ്റൻമരംവീണ് മരിച്ച ഉനൈസിന്റെ വേർപാടിൽ നഷ്ടമായത് കുടുംബത്തിന്റെ പ്രതീക്ഷ. ആലപ്പുഴ പവർഹൗസ് വാർഡ് സിയ മൻസിലിൽ ഉനൈസിനെ (മുന്ന-30) യാത്രയാക്കാൻ വൻജനാവലിയാണ് എത്തിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് വാടകക്ക് താമസിക്കുന്ന ആറാട്ടുവഴി മൈഥിലി ജങ്ഷനിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്. അപകടത്തിൽ പരിക്കേറ്റ ഭാര്യ അലീഷനെ ആശുപത്രിയിൽനിന്ന് ഉച്ചക്ക് 12.30ന് വീട്ടിലെത്തിച്ചു. വീട്ടിലെ മുറിയിൽ കാത്തിരുന്നെങ്കിലും ഉച്ചക്ക് രണ്ടരയോടെ ഉനൈസിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കരഞ്ഞുതളർന്ന ഭാര്യ കാണാൻ മുതിർന്നില്ല.
പിതാവ് ഉബൈദും മാതാവ് ഷമീതയും സഹോദരൻ സഹദും അടങ്ങുന്നവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കുപോലുമായില്ല. ഏകമകൻ നാലുവയസ്സുകാരൻ ഇഹാലിനെയും കാണിച്ചശേഷമാണ് മൃതദേഹം വീട്ടിൽനിന്ന് പള്ളിയിലേക്ക് കൊണ്ടുപോയത്. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, കൗൺസിലർമാരായ ഹെലൻ ഫെർണാണ്ടസ്, നസീർ പുന്നയ്ക്കൽ, ഡി.പി. മധു അടക്കമുള്ളവരും സുഹൃത്തുക്കളും അടക്കം നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിക്കാൻ എത്തി.
നാട്ടിൽ വെൽഡറായി ജോലിനോക്കുന്നതിനിടെ തിരുവനന്തപുരത്തുള്ള സുഹൃത്ത് വഴി ഗൾഫിലേക്കുള്ള അവസരം കിട്ടിയിരുന്നു. മരംവീണുണ്ടായ അപകടം നടന്ന തിങ്കളാഴ്ചയാണ് സൗദിയിലേക്കുള്ള വിസയും എത്തിയത്.
പോകുന്നതിനുമുമ്പ് വിവാഹസർട്ടിഫിക്കറ്റ്, ആധാർകാർഡിലെ തിരുത്തൽ എന്നീ ആവശ്യങ്ങൾക്കായിട്ടാണ് ഭാര്യ അലീഷയെ കൂട്ടി അക്ഷയകേന്ദ്രത്തിലെത്തിയത്. ഇത് ശരിയാക്കി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവയൊണ് കൂറ്റൻമരം വീണ് ഗുരുതരപരിക്കേറ്റത്. അലീഷക്ക് കാലിനും നട്ടെല്ലിനുമാണ് പരിക്ക്. ആരോഗ്യനില വഷളായതോടെ ചൊവ്വാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയ ഉനൈസിനെ അതേആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മരണം.
ഭാര്യയെ തനിച്ചാക്കി മുന്ന യാത്രയായി
ആലപ്പുഴ: ജീവിതത്തിലും അപകടത്തിലും ഒപ്പമുണ്ടായിരുന്ന ഭാര്യയെ തനിച്ചാക്കി മുന്ന യാത്രയായി. കഴിഞ്ഞദിവസത്തെ കനത്തകാറ്റിൽമരംവീണ് മരിച്ച ആലപ്പുഴ പവർഹൗസ് വാർഡ് സിയ മൻസിലിൽ ഉനൈസിന്റെ (മുന്ന-30) വേർപാടിന്റെ വേദനയിലാണ് കുടുംബം.
ആറുവർഷം മുമ്പ് കോട്ടയം സ്വദേശിനിയായ അലീഷയുമായി പ്രേമവിവാഹമായിരുന്നു. വെൽഡിങ് ജോലിയിൽനിന്ന് കിട്ടുന്നവരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഗൾഫിൽ ചുവടുറപ്പിച്ചശേഷം വെൽഡറായി ജോലിചെയ്യുന്ന സഹോദരൻ സഹദിനെയും കൊണ്ടുപോകണം, വാടകവീട്ടിൽനിന്ന് മാറി സ്വന്തമായൊരുവീട് പണിയണം-ഈ ചെറിയ സ്വപ്നങ്ങൾ പേമാരി തകർത്തതിന്റെ ദുഃഖത്തിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.