ആലപ്പുഴ: ബി.ജെ.പി ദേശീയ സെക്രട്ടറിയും പാർട്ടി വക്താവും പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥിയുമായ അനിൽ ആന്‍റണിക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ്. കേസ് കൊടുക്കുന്നതിന് മുന്നോടിയായിട്ടാണ് ആലപ്പുഴ ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം സജീവ് ജനാർദനൻ നോട്ടീസ് അയച്ചത്.
ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ നേതാക്കളും പ്രവർത്തകരും ഇവിടുത്തെ പാർട്ടി പണി നിർത്തി പാകിസ്‌താനിലേക്ക് പോകണമെന്ന അനിൽ ആന്‍റണിയുടെ പ്രസ്‌താവനക്കെതിരെയാണ് നടപടി. ഇത് കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും ആത്‌മാഭിമാനത്തിനാണ് മുറിവേൽപിച്ചതെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് നേതാക്കൾ ബി.ജെ.പിക്കെതിരെ തെരുവുനായ്ക്കെളപ്പോലെ കുരക്കുകയാണെന്നും അനിൽ ആന്‍റണി പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷമുള്ള ഈ ആക്ഷേപ പ്രസ്‌താവനകൾ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും സജീവ് വ്യക്തമാക്കിയിട്ടുണ്ട്. അനിൽ ആന്‍റണിയുടെ ദേശവിരുദ്ധ പാർട്ടി വിരുദ്ധ ആക്ഷേപങ്ങൾ നിരുപാധികം പിൻവലിക്കണമെന്നും അല്ലെങ്കിൽ മാനനഷ്ടത്തിന് 10 കോടി രൂപ നൽകണമെന്നും സജീവ് ജനാർദനൻ ആവശ്യപ്പെട്ടു. വക്കീൽ നോട്ടീസിന്‍റെ കോപ്പി ഡി.ജി.പിക്കും തെരഞ്ഞെടുപ്പു കമീഷനും അയച്ചിട്ടുണ്ട്. ചേർത്തലയിലെ അഭിഭാഷകനായ ഇ.ഡി. സക്കറിയാസാണ് സജീവ് ജനാർദനനുവേണ്ടി വക്കീൽ നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.