തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെയും കൗൺസിലർ ഡി.ആർ. അനിലിെന്റയും വിവാദ ശിപാർശക്കത്തുകളെക്കുറിച്ചും പിൻവാതിൽ നിയമനങ്ങളെക്കുറിച്ചുമുള്ള വിജിലൻസിന്‍റെ പ്രാഥമികാന്വേഷണം പൂർത്തിയാകുന്നത് വൈകും. വ്യാഴാഴ്ചയോടെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരുന്നതെങ്കിലും പൂർത്തിയാകാൻ കുറഞ്ഞത് 45 ദിവസമെങ്കിലും എടുക്കുമെന്നാണ് വിജിലൻസിന്‍റെ നിലപാട്.
ശിപാർശ കത്തുകൾ, നഗരസഭയിലെ പിൻവാതിൽ നിയമനങ്ങൾ എന്നിവയിൽ അന്വേഷണം ആവശ്യപ്പെട്ട് ലഭിച്ച നാല് പരാതിയിലാണ് പ്രാഥമിക പരിശോധന പുരോഗമിക്കുന്നത്. വിജിലൻസ് സ്പെഷൽ യൂനിറ്റ് എസ്.പി കെ.ഇ. ബൈജുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. കത്ത് യഥാർഥമാണെന്ന് വ്യക്തമായാൽ അധികാര ദുർവിനിയോഗം നടത്തി സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുക്കാനാകും. അതിനുപുറമെ കോർപറേഷനിൽ നടന്ന നിയമനങ്ങളെക്കുറിച്ചും വിജിലൻസിന് അന്വേഷിക്കേണ്ടതായി വരും.
നിലവിൽ കത്തുകളുടെ പകർപ്പ് മാത്രമാണ് അന്വേഷണസംഘത്തിന് മുന്നിലുള്ളത്. താൻ തയാറാക്കിയ കത്ത് നശിപ്പിച്ചെന്ന് അനിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ യഥാർഥ കത്തുകൾ കണ്ടെത്താനാകാത്തത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിജിലൻസിന്‍റെ വിലയിരുത്തൽ. മേയറുടെ പേരിലുള്ള കത്തിന്‍റെ അസ്സൽ നശിപ്പിച്ചെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ചും വിജിലൻസും. പ്രാഥമിക റിപ്പോർട്ട് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച എ.ഡി.ജി.പി ഷെയ്‍ഖ് ദർവേശ് സാഹിബിന് കൈമാറുമെന്നാണ് വിവരം. കത്ത് വിഷയം ചർച്ചചെയ്യാൻ ശനിയാഴ്ച കോർപറേഷന്റെ പ്രത്യേക കൗൺസിൽ ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.