ലൈഫ് മിഷന്‍: സഭകള്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളെയെല്ലാം സര്‍ക്കാര്‍ ഒരുപോലെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കും. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. 

എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതിക്ക് മുഖ്യമന്ത്രി ക്രൈസ്തവ സഭകളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. ചില സഭകള്‍ക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനാവും. വീട് നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറായാല്‍ ആ സഹായം സര്‍ക്കാര്‍ സ്വീകരിക്കും. ഇതൊരു അഭ്യര്‍ത്ഥനയായി സഭകള്‍ക്ക് മുന്നില്‍ വയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്‍റെ മദ്യ നയം പുനഃപരിശോധിക്കണമെന്ന് ചില സഭകള്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ മദ്യ നിരോധനത്തേക്കാള്‍ മദ്യ വര്‍ജനമാണ് നല്ലതെന്ന സര്‍ക്കാര്‍ നിലപാടിനെ ചിലര്‍ പിന്തുണച്ചു.

പരിവര്‍ത്തിത ക്രൈസ്തവരുടെ സംവരണ പ്രശ്നം സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ പരിഹാരം കാണാനാവൂ. ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. എങ്കിലും സംസ്ഥാന സര്‍ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്യും. പള്ളികള്‍ പണിയുന്നതുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിലുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. റബര്‍ കര്‍ഷകരുടെ പ്രശ്നത്തില്‍ വിശദമായ പരിശോധന വേണം. ഇവരെ സഹായിക്കാന്‍ വിവിധ പദ്ധതികള്‍ പരിഗണനയിലുണ്ട്. റവന്യു ഓഫീസുകള്‍ മാത്രമല്ല, എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ജനസൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തീരദേശപാത വരുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ട. ഇതുമായി ബന്ധപ്പെട്ട് വിഷമമുണ്ടാകുന്നവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് തീരദേശത്തു തന്നെ താമസിക്കാന്‍ സംവിധാനമൊരുക്കും. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 

ന്യൂനപക്ഷക്ഷേമ മന്ത്രി കെ.ടി. ജലീല്‍, ന്യൂനപക്ഷ ക്ഷേമ സെക്രട്ടറി കെ. ഷാജഹാന്‍, കാഞ്ഞിരപ്പളളി ബിഷപ്പ് മാത്യൂ അറയ്ക്കല്‍, മെട്രോപോളിറ്റന്‍ ബിഷപ്പ് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, നിരണം ആര്‍ച്ച് ബിഷപ്പ് ജോജു മാത്യു, ക്നാനയ സിറിയന്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്ത ഡോ. സക്കറിയാസ് മാര്‍ അപ്രേം, മാര്‍ത്തോമ സഭ എപ്പിസ്കോപ്പ ജോസഫ് മാര്‍ ബര്‍ന്നബസ്, തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്, യാക്കോബായ സിറിയന്‍ സഭ പ്രതിനിധി ഫാ. എല്‍ദോ എം. പോള്‍, സി.എസ.ഐ എസ്.കെ.ഡി ധര്‍മ്മരാജ് റസാലം തുടങ്ങിയവരും കാതോലിക്ക, സി.എസ്.ഐ, യാക്കോബായ, പെന്തക്കോസ്, മധ്യകേരള മഹാഇടവകകളില്‍ നിന്നുള്ളവരും യോഗത്തില്‍ സംബന്ധിച്ചു. 

Tags:    
News Summary - life mission projet christhian missionary must support government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.