തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: 49 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പം. എല്‍.ഡി.എഫ്-23, യു.ഡി.എഫ്-19, യു.ഡി.എഫ് സ്വതന്ത്രർ -നാല്, എന്‍.ഡി.എ-മൂന്ന്, എന്നതാണു കക്ഷിനില. നാലു സ്വതന്ത്രർ അടക്കം യു.ഡി.എഫ് 23 സീറ്റ് നേടി. ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഇത് 15 ആയിരുന്നു. കൊല്ലം ജില്ലയിലെ തൊടിയൂര്‍, പൂയപ്പള്ളി പഞ്ചായത്തുകളുടെ ഭരണവും യു.ഡി.എഫ് പിടിച്ചെടുത്തു. തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തിലെ മൂന്ന് വാർഡും എൽ.ഡി.എഫ് പിടിച്ചെടുത്തതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫിന് അഞ്ച് സീറ്റ് കൂടിയപ്പോള്‍ എൽ.ഡി.എഫിനും ബി.ജെ.പിക്കും ഓരോ സീറ്റ് കുറഞ്ഞു.എല്‍.ഡി.എഫിൽ സി.പി.എം-20ഉം സി.പി.ഐ രണ്ടും കേരള കോണ്‍ഗ്രസ് (എം) ഒരു സീറ്റും നേടി. യു.ഡി.എഫിൽ കോൺഗ്രസ്-12, മുസ്ലിംലീഗ്-ആറ്, കേരളകോണ്‍ഗ്രസ് -ഒന്ന് ആണ് സീറ്റ് നില.

തിരുവനന്തപുരം ജില്ല പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനില്‍ യു.ഡി.എഫ് സിറ്റിങ് സീറ്റിൽ എൽ.ഡി.എഫിനാണു ജയം. മുന്‍ കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശിയാണ് എൽ.ഡി.എഫ് ടിക്കറ്റില്‍ ജയം നേടിയത്. കോൺഗ്രസ് വിട്ട ശശി അംഗത്വം രാജിവെച്ച് എൽ.ഡി.എഫിലേക്കു കൂറുമാറി മത്സരിക്കുകയായിരുന്നു.

പാലക്കാട് എൽ.ഡി.എഫിന്റെ രണ്ട് സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. മങ്കര, തച്ചമ്പാറ പഞ്ചായത്തുകളിലാണ് യു.ഡി.എഫിന് അട്ടിമറി ജയം.

മലപ്പുറം ജില്ലയിൽ പതിറ്റാണ്ടുകളായി ജയിക്കുന്ന രണ്ടു സീറ്റ് സി.പി.എമ്മിന് നഷ്ടപ്പെട്ടു. മുന്നിയൂർ പഞ്ചായത്തിൽ ആറു പതിറ്റാണ്ടായി സി.പി.എം ജയിക്കുന്ന വാർഡിൽ യു.ഡി.എഫ് -സ്വതന്ത്ര ടി.പി. സുഹറാബി 143 വോട്ടിനു ജയിച്ചു. വട്ടംകുളം പഞ്ചായത്തിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച സി.പി.എം -വിമതൻ ഇ.എസ്. സുകുമാരൻ 142 വോട്ടിന് ജയിച്ചു. നാലു പതിറ്റാണ്ടായി സി.പി.എമ്മിനായിരുന്നു ഇവിടെ ജയം. കൂട്ടിലങ്ങാടി പഞ്ചായത്തിൽ വെൽഫെയർ പാർട്ടിയും മലപ്പുറം നഗരസഭയിൽ മുസ്‌ലിം ലീഗും സിറ്റിങ് സീറ്റ് നിലനിർത്തി.

കോഴിക്കോട് ജില്ലയിലെ തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷന്‍, ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ തെരുവത്ത്കടവ് വാർഡ്, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മാട്ടുമുറി വാര്‍ഡ് എന്നിവിടങ്ങളിൽ യു.ഡി.എഫ് ജയിച്ചു. ഉള്ളിയേരി തെരുവത്ത്കടവ് വാർഡ് യു.ഡി.എഫ് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തതാണ്. ഓമശ്ശേരി പഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് വാർഡ് എൽ.ഡി.എഫ് നിലനിർത്തി.

Tags:    
News Summary - Local by-elections: UDF and LDF in Tie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.