കാക്കിക്കുള്ളിലെ കാരുണ്യം; തെരുവിൽ അലഞ്ഞ വയോധികന് പുതുജീവിതം

കായംകുളം: കടത്തിണ്ണകൾ അഭയ കേന്ദ്രമാക്കിയ വയോധികന് പൊലീസ് കാരുണ്യത്തിൽ പുതുജീവിതം. കുളിയും നനയുമില്ലാതെ മുഷിഞ്ഞ വസ്ത്രവും ജഡ പിടിച്ച മുടിയും നീട്ടിവളർത്തിയ താടിയുമായി നടന്നിരുന്ന വൃദ്ധൻ നഗരത്തിന്റെ നൊമ്പര കാഴ്ചയായിരുന്നു. പൊലീസ് സ്റ്റേഷൻ പരിസരത്ത് പതിവായി എത്തുന്ന ഇദ്ദേഹത്തോട് എ.എസ്.ഐ ഹാരിസിന് തോന്നിയ അനുകമ്പയാണ് പുനരധിവാസത്തിന് കളമൊരുക്കിയത്. തെരുവുവാസികൾക്ക് അഭയം ഒരുക്കാനായി എറണാകുളം, ആലപ്പുഴ ജില്ലകൾ കേന്ദ്രമായി പ്രവർത്തിക്കുന്ന തെരുവോരം എൻ.ജി.ഒ സെക്രട്ടറി തെരുവോരം മുരുകനുമായി ബന്ധപ്പെട്ടപ്പോൾ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത് കാര്യങ്ങൾക്ക് വേഗം നൽകി. സഹായത്തിനായി സാമൂഹിക പ്രവർത്തകരായ സുരേഷ്, യേശുദാസ്, അൻവർ 108, ബോംബെ ജോസ്, ബദറുദ്ദീൻ, ഫാത്തിമ റീഹ, കാവ്യ കരുണൻ ബെറ്റീന മെറിൻ മാത്യു എന്നിവരും സന്നദ്ധതയോടെ രംഗത്തിറങ്ങി. ഇവരുടെ നേതൃത്വത്തിൽ ഊരും പേരുമില്ലാത്ത ഇദ്ദേഹത്തിന്റെ താടിയും മുടിയും നീക്കം ചെയ്ത് കുളിപ്പിച്ച് വൃത്തിയാക്കി പുതുവസ്ത്രവും ധരിപ്പിച്ചാണ് തെരുവോരത്തിന് കൈമാറിയത്. മുരുകനും ഇവർക്ക് ഒപ്പം കൂടിയിരുന്നു. ഇദ്ദേഹത്തിന്റെ പുനരധിവാസത്തിന് രണ്ട് വർഷം മുമ്പ് ശ്രമം നടത്തിയെങ്കിലും കോവിഡ് തടസ്സമാകുകയായിരുന്നുവെന്ന് എ.എസ്.ഐ ഹാരിസ് പറഞ്ഞു. ചിത്രം: APLKY4POLICE കായംകുളം നഗരത്തിൽ അലഞ്ഞുതിരിഞ്ഞിരുന്ന വൃദ്ധനെ തെരുവോരം മുരുകന്റെ നേതൃത്വത്തിൽ വൃത്തിയാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.