ആലപ്പുഴ: ആലപ്പുഴ ബീച്ചിന് സമീപത്തെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെ ശുചിമുറിയിൽ അപകടം. മേൽക്കൂരയിലെ സിലീങ് അടർന്നുവീണു. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.
വെള്ളിയാഴ്ച രാവിലെ 8.30നായിരുന്നു സംഭവം. ആലപ്പുഴ ഡെപ്യൂട്ടി കൺട്രോളർ ഓഫിസിൽ പരിശോധനക്കെത്തിയ തിരുവനന്തപുരം ലീഗൽ മെട്രോളജി ഓഫിസിലെ ഉദ്യോഗസ്ഥൻ രാജീവും സഹപ്രവർത്തകനും ഈസമയം മുറിയിലുണ്ടായിരുന്നു. ബാത്ത്റൂമിൽ കയറിയ രാജീവ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
60 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കുമ്മായ സിലീങ്ങാണ് നിലംപൊത്തിയത്. ഇത് ക്ലോസറ്റിലും പരിസരത്തുമായി ചിതറി. ശബരിമല സീസണുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് പൊതുമരാമത്തുവിഭാഗം പരിശോധന നടത്തി ബലക്ഷയമില്ലെന്ന് കണ്ടെത്തിയ കെട്ടിടമാണിത്.
വ്യാഴാഴ്ച തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ശുചിമുറിയിലെ ക്ലോസറ്റ് തകർന്ന് ജീവനക്കാരിയുടെ കാലിന് ഗുരുതരപരിക്കേറ്റ സംഭവത്തിന് പിന്നാലെയാണിത്. താമസക്കാർക്ക് കുഴപ്പമുണ്ടായിട്ടില്ലെന്ന് റസ്റ്റ് ഹൗസ് മാനേജർ സി.എം. ബഷീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.