ട്രോളിങ്​ നിരോധനം: ക്രമീകരണങ്ങൾ വിലയിരുത്തി

ആലപ്പുഴ: വ്യാഴാഴ്ച അർധരാത്രി ട്രോളിങ്​ നിരോധനം നിലവിൽ വരുന്നതിനു മുന്നോടിയായി കലക്ടറുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ വിലയിരുത്തി. നിരോധനം തുടങ്ങും മുമ്പ്​ ഇതരസംസ്ഥാന ബോട്ടുകൾ കേരള തീരം വിട്ട് പോകണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ട്രോളിങ്​ ബോട്ടുകൾ കടലിൽനിന്ന് സുരക്ഷിത സ്ഥാനത്തേക്ക്​ മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്‌സ്‌മെന്‍റും കോസ്റ്റൽ പൊലീസും ഉറപ്പുവരുത്തും. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. നിരോധന കാലത്ത് ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമാണ് അനുവദിക്കുക. കടലില്‍ പോകുന്ന തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ് കൈവശം കരുതണം. നിരോധന കാലത്തെ പട്രോളിങ്ങിനായി ഫിഷറീസ് വകുപ്പ് രണ്ട് ബോട്ടുകൾ സജ്ജമാക്കി. വൈപ്പിനിലും അഴീക്കലുമാണ് ഇവ ബർത്ത് ചെയ്യുക. രക്ഷാപ്രവർത്തനങ്ങൾക്കായി ആറു സീ റെസ്‌ക്യൂ ഗാർഡുകളുടെ സേവനം ഉണ്ടാകും. അടിയന്തര സാഹചര്യം നേരിടുന്നതിന് പ്രത്യേക പരിശീലനം നേടിയ റസ്ക്യൂ ഗാര്‍ഡുകളുടെ സേവനവും ലഭ്യമാകും. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും കൺട്രോൾ റൂമും പ്രവർത്തിക്കും. അർത്തുങ്കൽ പൊലീസ് സ്റ്റേഷനില്‍ പട്രോളിങ്ങിന്​ ഉപയോഗിക്കുന്ന ബോട്ടിന്‍റെ തകരാർ അടിയന്തിരമായി പരിഹരിക്കാന്‍ കലക്ടർ നിർദേശം നൽകി. ജില്ല കലക്ടര്‍ ഡോ. രേണു രാജ്​ അധ്യക്ഷത വഹിച്ചു. എൽ.ഡി ക്ലർക്ക് സർട്ടിഫിക്കറ്റ് പരിശോധന ആലപ്പുഴ: ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയുടെ (കാറ്റഗറി നമ്പർ 207/ 2019) സാധ്യത പട്ടികയിലുള്ളവരുടെ സർട്ടിഫിക്കറ്റ് പരിശോധന ജൂൺ 9, 10, 13, 14, 15, 16, 17, 18 തീയതികളിൽ രാവിലെ 10.15 മുതൽ ജില്ല പി.എസ്.സി ഓഫിസിൽ നടത്തും. അറിയിപ്പ് പ്രൊഫൈൽ സന്ദേശമായി നല്‍കിയിട്ടുണ്ടെന്ന് ജില്ല പി.എസ്.സി ഓഫിസർ അറിയിച്ചു. സംയുക്ത പദ്ധതികൾ: ആസൂത്രണ സമിതി യോഗം ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളുടെ 2022- 23 വർഷത്തെ സംയുക്ത പദ്ധതികളുടെ രൂപീകരണ നടപടികള്‍ ജില്ല ആസൂത്രണ സമിതി വിലയിരുത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ഗ്രാമ -ബ്ലോക്ക് -ജില്ല പഞ്ചായത്തുകൾ സംയോജിതമായി നടപ്പാക്കാൻ തയാറാക്കിയ 26 പദ്ധതികൾ ചർച്ച ചെയ്തു.ജില്ല പ്ലാനിങ്​ ഓഫിസർ എസ്. സത്യപ്രകാശ്, ജില്ല പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് കെ.എം. ഷിബു എന്നിവർ പദ്ധതികള്‍ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.