പച്ചക്കറി വില ആറുമാസത്തിനിടെ ആറിരട്ടി

അടുക്കളയിൽനിന്ന്​ അവിയലും സാമ്പാറും 'ഔട്ട്'​ ആലപ്പുഴ: കുടുംബബജറ്റ്​ തകർത്തും സാധാരണക്കാരുടെ നടുവൊടിച്ചും പച്ചക്കറി വില കുതിക്കു​ന്നു. 'ലക്ഷണമൊത്ത'​ അവിയലും സാമ്പാറും ഏറക്കുറെ​ അടുക്കളക്ക്​ പുറത്തായിക്കഴിഞ്ഞു​. കൂടുതൽ പച്ചക്കറി ഇനങ്ങൾ വേണമെന്നതാണ്​ സാധാരണക്കാർക്ക്​ വെല്ലുവിളി. തോരനോ മെഴുക്കിപുരട്ടിയോ ആയാലും കൈപൊള്ളും. ആറു മാസത്തിനിടെ പല പച്ചക്കറികളുടെയും വില ഇരട്ടി മുതൽ അഞ്ചിരട്ടിവരെ വർധിച്ചു. മേയിൽ ഒരു കിലോ തക്കാളിക്ക് 15 മുതൽ 20 രൂപവരെ ഉണ്ടായിരുന്നത്​ ഇപ്പോൾ 90-110 രൂപയാണ്​. മുരിങ്ങക്കക്കും കുതിച്ചുകയറി വില.​ 130-150 ആണ്​ പുതിയ വില. 60 രൂപക്കും 80 രൂപക്കും കിട്ടിയിരുന്നിടത്താണിത്​. പാവക്ക മുതൽ കുമ്പളങ്ങവരെയുള്ള മുഴുവൻ ഇനങ്ങൾക്കും വിലക്കയറ്റമുണ്ട്​. നാട്ടിൽ ലഭ്യമായ ചേന, മത്തങ്ങ തുടങ്ങിയവക്ക്​ പോലും ആനുപാതിക വില വർധനയാണ്​ വിപണിയിൽ. തമിഴ്​നാട്, കർണാടക സംസ്ഥാനങ്ങളിലെ പച്ചക്കറി കൃഷി മഴയിൽ നശിച്ചതാണ്​ പെട്ടെന്ന്​ വില ഉയരാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്​. ഉൽപാദന മേഖലയായിട്ടു കൂടി തമിഴ്​നാട്ടിലും കർണാടകയിലും ഇതേ വിലക്കയറ്റമുണ്ട്​. ബംഗളൂരുവിൽ തക്കാളി വില കിലോക്ക്​​ 103-110 രൂപയായി. 10 ദിവസത്തിനിടെ 41-45 രൂപയുടെ വർധന. ചെന്നൈയിൽ തക്കാളിക്ക് 140 രൂപയാണ​േത്ര. നാഗർകോവിൽ, കോയമ്പത്തൂർ, മംഗളൂരു തുടങ്ങിയ അയൽനഗരങ്ങളിലും ഏതാണ്ട്​ കേരളത്തിലേതിനു തുല്യമായ വിലയുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങൾ തമ്മിൽ ചില ഉൽപന്നങ്ങൾക്ക്​ കിലോക്ക്​ അഞ്ച്​ മുതൽ 20 രൂപവരെ വില വ്യത്യാസമുണ്ട്. എന്നാലും വില വർധനയുടെ കാഠിന്യം താങ്ങാവുന്നതിനും അപ്പുറമാണ്​. അതിനിടെ കൃഷി വകുപ്പി​ൻെറ ഇടപെടൽ വരുംദിവസങ്ങളിൽ വില ഒരു പരിധിവരെ കുറയുന്നതിന്​ കാരണമാകുമെന്നാണ്​ വിലയിരുത്തൽ. ഒരാഴ്​ചക്കുള്ളിൽ പച്ചക്കറിവില സാധാരണനിലയിലാക്കാനാണ്​ ശ്രമം. പ്രാദേശികമായി അധികം ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതടക്കവും നടപടി തുടങ്ങി. ഇതുവഴി സംഭരിക്കുന്ന പച്ചക്കറികൾ ഏകോപിപ്പിച്ച് പൊതുവിപണിയിൽ എത്തിക്കാൻ ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്തി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പച്ചക്കറികൃഷി നശിച്ചവർക്ക് അടിയന്തരമായി പച്ചക്കറിത്തൈകൾ ലഭ്യമാക്കാനും നിർദേശമുണ്ട്​. പ്രധാന പച്ചക്കറികളുടെ നിലവിലെ വില; ​ബ്രാക്കറ്റിൽ ആറുമാസം മുമ്പത്തെ വില പാവക്ക 70 -80 (45 -50) പടവലം 80 (36) പയർ 70 -90 (40 -50) മുരിങ്ങക്ക 140 -160 (60 -80) തക്കാളി 100 -130 (15 -20) പച്ചമുളക്​ 60 (35) കാബേജ്​ 38-44 (25) സവാള 34-45 (20-26) കിഴങ്ങ്​ 40 (22) കുമ്പളങ്ങ 36 (22) വെള്ളരി 50 (32) വഴുതനങ്ങ 60 (25) വെണ്ടക്ക 80 (40)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.