വലിയഴീക്കലിൽ കടലാക്രമണം രൂക്ഷം; റോഡ് മണ്ണിൽ മൂടി

ആറാട്ടുപുഴ: അപ്രതീക്ഷിതമായുണ്ടായ കടലാക്രമണം വലിയഴീക്കലിൽ ദുരിതം വിതച്ചു. പഞ്ചായത്തി‍ൻെറ വിവിധ പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്​ധമായിരുന്നെങ്കിലും വലിയഴീക്കൽ ഭാഗത്താണ് ഏറെ പ്രശ്നം സൃഷ്ടിച്ചത്. ഇവിടെ കടൽഭിത്തി തീരെ ദുർബലമായതാണ് കാരണം. കരയിലേക്ക് അടിച്ച് കയറിയ തിരമാല തീരദേശ റോഡിൽ വെള്ളക്കെട്ട് സൃഷ്ടിച്ചു. ഗതാഗതത്തെയും ബാധിച്ചു. ഇവിടെയുള്ള വീട്ടുകാർക്കും കച്ചവട സ്ഥാപനങ്ങൾക്കും കടലാക്രമണം ഏറെ പ്രയാസം സൃഷ്ടിച്ചു. ഇവിടെ റോഡും കടലും തമ്മിൽ ചുവടുകളുടെ അകലം മാത്രമാണുള്ളത്. നിലവിലുള്ള കടൽഭിത്തി ഭാഗികമായി മണ്ണിനടിയിലാണ്. തിരമാല റോഡിലാണ് പതിക്കുന്നത്. ഈ ഭാഗത്ത് റോഡ് പൂർണമായും മണ്ണിനടിയിലായി. വെള്ളക്കെട്ടും നിലനിൽക്കുന്നു. നിരവധി വാഹനങ്ങൾ മണ്ണിൽ പുതഞ്ഞത് മണിക്കൂറോളം ഗതാഗതം മുടങ്ങി. വിനോദ സഞ്ചാരികളായി എത്തിയവരെയും യാത്രക്കാരെയും കടലാക്രമണം ഏറെ ദുരിതത്തിലാഴ്ത്തി. റോഡ് മണ്ണും വെള്ളവും നിറഞ്ഞ് കിടക്കുന്നതിനാൽ ഏറെ സാഹസപ്പെട്ടാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. രാത്രി വൈകിയും കടൽകയറ്റത്തിന് ശമനമില്ല. വലിയഴീക്കൽ സുബ്രഹ്മണ്യ ക്ഷേത്ര ജങ്ഷൻ മുതൽ വലിയഴീക്കൽ ജങ്ഷൻ വരെ 150 മീറ്റർ ഭാഗത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ജിയോ ബാഗിൽ മണൽ നിറച്ചെങ്കിലും തീരം സംരക്ഷിച്ചില്ലെങ്കിൽ പാലം വഴിയുള്ള ഗതാഗതത്തെയും വിനോദ സഞ്ചാരത്തെയും ഗുരുതരമായി ബാധിക്കും. പടം: വലിയഴീക്കലിൽ തീരദേശ റോഡിൽ വെള്ളം കയറിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.