നവാബിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

അമ്പലപ്പുഴ: ഉമ്മാക്ക് പെരുന്നാളിന് പുതുവസ്ത്രം കൈമാറി പൊന്‍മുത്തം നല്‍കി യാത്ര പുറപ്പെട്ട മക‍ൻെറ ചേതനയറ്റ ശരീരം കണ്ട്​ തളർന്നുവീണ നദീറയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും കണ്ണീരിലാഴ്ന്നു. കാക്കാഴം വേലിക്കകത്ത് അബ്ദുൽ വഹാബ്-നദീറ ദമ്പതികളുടെ മകൻ അബ്ദുൽ ഖാദറാണ്​ (നവാബ് -20) സുഹൃത്തുക്കളുമായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ചങ്ങനാശ്ശേരി മാന്തുരുത്തിയിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. പെരുന്നാൾ നമസ്കാരത്തിന് ശേഷം മാതാപിതാക്കളുടെ ബന്ധുക്കളെയും സഹോദരങ്ങളെയും മക്കളെയും അവരവരുടെ വീടുകളിൽ പോയി സന്ദർശിച്ചിരുന്നു. പതിവിനെക്കാൾ കൂടുതൽ സന്തോഷത്തിൽ ഇടപെടുകയും സമ്മാനങ്ങൾ നൽകി യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ അവരാരും വിചാരിച്ചിരുന്നില്ല തിരിച്ചുവരാതുള്ള യാത്രയിലേക്കാണ് അബ്ദുൽ ഖാദർ പോകുന്നതെന്ന്. വിദേശത്തുള്ള പിതാവിനെ വിഡിയോകാൾ വിളിച്ച്​ കാണുകയും ചെയ്തിരുന്നു. പുന്നപ്ര മാർ ഗ്രിഗോറിയസ് കോളജിൽ ഒന്നാം വർഷ ഡിഗ്രി പഠനത്തോടൊപ്പം വൈകുന്നേരങ്ങളിലും അവധിദിനങ്ങളിലും വളഞ്ഞവഴിയിലെ സൂപ്പർമാർക്കറ്റിൽ ജോലിയും ചെയ്യുന്നുണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽനിന്ന്​ വീട്ടിൽ എത്തിച്ച മൃതദേഹം കാണാൻ വൻ ജനാവലി തടിച്ചുകൂടി. വൈകീട്ട്​ ആറോടെ കാക്കാഴം ജുമാമസ്ജിദിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.